ചൊവ്വാഴ്ച, ഓഗസ്റ്റ് 02, 2011

ഒരു കൊച്ചു പൂവും പൂമ്പാറ്റയും

അഞ്ചു മണി ആവാറായി എന്ന മൂന്നാമത്തെ ഓര്‍മ്മപ്പെടുത്തല്‍ ഒരു എസ് എം എസ് ആയി ഫോണ്‍ വിറച്ചു തുപ്പി... ഇവിടെ ഒന്നും ഒരു കരക്കടുക്കുന്ന ലക്ഷണം ഒന്നും കാണിക്കുന്നില്ല . ഇരുപത്തിനാല് FPS ഇല്‍ ഫ്രെയിം അടിച്ചു വെച്ച് തന്നെ വട്ടം കറക്കിയ പാട്രിക് എന്ന സായിപ്പിനോട്‌ ഫോണില്‍ പട വെട്ടുന്ന സംവിധായകന്‍... തന്റെ ഫെരാരിയുടെ സീറ്റ്‌, മുംബൈ വെള്ളപൊക്കം നടന്നപ്പോള്‍ ചെളി കയറി നാശമാക്കപ്പെട്ടത്തിന്റെ ഫോട്ടോ, ലാപ്ടോപില്‍ ക്രൂവിന് കാണിച്ചു കൊടുത്തു നിര്‍വൃതി അടയുന്ന ഫോട്ടോഗ്രാഫര്‍. ക്യാമറക്ക് മുമ്പില്‍ വരാത്ത ഭാവ പ്രകടനവുമായി സോനാലിനോടു സൊള്ളാന്‍ ശ്രമിക്കുന്ന രാഹുല്‍ മേനോന്‍. അതിനേക്കാള്‍ വലിയ എത്ര സ്രാവുകളെ മുംബയില്‍ കണ്ടിരിക്കുന്നു എന്ന സോനലിന്റെ ഭാവം മനസ്സിലാക്കിയിട്ടും മനസ്സിലാക്കാത്ത ഭാവത്തില്‍ ഇരിക്കുന്ന ഞാനും അണ്ണനും... ഇതൊന്നു തീര്‍ന്നു കിട്ടിയെങ്കില്‍...


ഇരുപതിമൂനാമത്തെ ട്ടെയ്ക്കാന് എടുക്കാന്‍ പോവുന്നത് എന്ന് ബാബു വിളിച്ചു പറയുന്നത് കേട്ടുവെങ്കിലും ഒരു നൂറു ട്ടെയ്കെങ്കിലും ആയി എന്ന പോലെയായിരുന്നു തോന്നിയിരുന്നത്... എത്ര നേരമായി ഇവര്‍ സുവര്‍ണ സ്വപ്നങ്ങളെ സാക്ഷാത്കരിച്ചു നില്‍ക്കുന്നു.. അവള്‍ മാത്രം ഈ തിരക്കിനിടയിലും ഓടി കളിച്ചു നടക്കുന്നു.. രാവിലെ ആറ് മണി മുതല്‍ ഇതേ പോലെ തന്നെ... കണ്ടിന്യുവിറ്റി പോയാല്‍ അവനാണ് തെറി കേള്‍ക്കേണ്ടി വരിക എന്ന ബോധ്യം വ്യക്തമായി അവനുള്ളത് കൊണ്ട് കുട്ടിയുടെ ഫ്രോക്കില്‍ ചെളി പറ്റാതെ നോക്കി ബാബു പിറകെ നിന്ന് വിടാതെ തന്നെയുണ്ട്‌...

അപ്പുറത്തെ മുറിയില്‍ ദീപ ഷാ കൈയിലെ ഗ്ലാസ്‌ ബൌളിലെ  അണ്ടി പരിപ്പിനോട് ഉടനെ തീര്‍ക്കാനുള്ള വാശിയോടെ മല്ലിടുന്നു... ആരോടാണോ ആവോ തന്റെ കോളനിയില്‍ നിന്നുപോയി വലിയ സ്റാര്‍ ആയി മാറിയ  മാധുരി ദീക്ഷിത് എന്ന കളിക്കൂട്ടുകാരിയുടെ വൈഭവം ഏറെ ആവേശത്തില്‍ വര്‍ണിക്കുന്നത് കേള്‍ക്കാം.. എനിക്കറിയാവുന്ന മുറി ഹിന്ദി വെച്ച് മുഴുവനായും മനസ്സിലായില്ലെങ്ങിലും തന്റെ തന്ത കിഴവന്‍ അന്ന് കാലത്ത് ഒന്ന് മനസ്സ് വെച്ചിരുന്നെങ്ങില്‍ താനും മാധുരിയക്കനെക്കാള്‍ വലിയ സ്ടാരായേനെ എന്നാണ് അവര്‍ പറഞ്ഞു പിടിപ്പിക്കുന്നതെന്ന് നല്ല പോലെ മനസ്സിലായി.

സ്ക്രിപ്റ്റ് ഡിസ്കഷനും കാസ്ടിങ്ങും ഏകദേശം കഴിഞ്ഞപ്പോളാണ് കൊള്ഗേടിന്റെ പരസ്യത്തില്‍ വന്ന ആ കൊച്ചു സുന്ദരി ഞങ്ങളുടെ കണ്ണില്‍ പെട്ടത്. മോഡല്‍ കോര്ടിനട്ടെര്‍ മഹേഷിനെ വിളിച്ചപ്പോള്‍ ആണ് അവള്‍ സാസ് ബഹു സീരിയല്‍ രംഗത്ത് തിളങ്ങുന്ന താരമാണെന്ന് എന്ന് മനസ്സിലായത്‌. ഷോ റീല്‍ ക്ളൈന്റിനെ കാണിച്ചപ്പോള്‍ തന്നെ ആദ്യം തിരഞ്ഞെടുത്ത കുട്ടിയെ വെട്ടി റീകാസ്റ്റ്  ചെയ്യാന്‍ വലുതായി പാട് പെടേണ്ടി വന്നില്ല. അത്രക്കും സ്വാഭാവികമായിരുന്നു അവളുടെ പെര്‍ഫോര്‍മന്‍സ്..

പക്ഷെ മഹേഷ്‌ അയച്ചു തന്ന എസ്ടിമെറ്റ് കണ്ടപ്പോള്‍ ചാക്കോച്ചന്റെ ഭാവം മാറി. "രണ്ടു ലക്ഷം രൂപയോ. ഇവളെന്താ സിനിമ നടിയോ" ചാക്കോച്ചന്‍ ഒരു ഞെട്ടലോടെ കസേരയില്‍ നിന്നും എഴുന്നേറ്റു. ഒടുവില്‍ ഒരു പാട് പണി എടുക്കേണ്ടി വന്നു ഒരു അപ്പ്രൂവല്‍ നേടി എടുക്കാന്‍. അതിനെടക്ക് പൈലിയുടെ വക ഒരു കമെന്റും "ഞാന്‍ പള്ളിക്ക് വേണ്ടി പണ്ട് ചെയ്ത മ്യൂസിക്‌ ആല്‍ബത്തില്‍ വേഷമിട്ട ഒരു കുട്ടിയുണ്ട് .. ജാന്‍സി, ഒരു ഫ്രെണ്ടിറെ മോളാ ... അവക്കനെങ്ങില്‍ കാശൊന്നും കൊടുക്കേണ്ട .. വിമാനക്കൂലിയും ഹോട്ടല്‍ ചിലവുമില്ല. അതാ ഇതിനേക്കാള്‍ നന്ന് "

അത്ചാ കേട്ടപ്പോള്‍ വീണ്ടും ഒന്നിളകിയ ചാക്കോച്ചനെ ഒന്ന് പിടിച്ചു നിര്‍ത്താന്‍ മകന്‍ ജോഷിയെ ശരണം പ്രാപിച്ചു. ഒടുവില്‍ ജോഷി പിടിച്ച പിടിയില്‍ അപ്പന്‍ നിന്നു. പക്ഷെ പൈലി തന്റെ ദേഷ്യം തീര്‍ത്തത് ഏജന്‍സി എസ്ടിമെറ്റില്‍. ഓരോ അണ പൈസയും കണക്കു ചോദിച്ചു കൂട്ടി നോക്കി വെട്ടി തിരുത്തി... ഒടുവില്‍ രണ്ടു ദിവസമെങ്കിലും ഷൂട്ട്‌ ചെയ്യേണ്ട ഫിലിം ഒറ്റ ദിവസം ഷൂട്ട്‌ ചെയ്തു ഒതുക്കേണ്ട ഗതികേടില്‍ വന്നത് അയാള്‍ ഒരാള്‍ കാരണം ... രാവിലെ മുതലേ "എവിടെ ജിമ്മി ജിപ്പു" എന്ന് ചോദിച്ചു നടന്നിരുന്നു ... "നിങ്ങള്‍ ഷൂട്ട്‌ ചെയ്യാന്‍ എസ്ടിമെറ്റില്‍ കാശ് ചോദിച്ചപ്പോള്‍ അതില്‍ ഒരു  ജിമ്മി ജിപ്പിന്റെ വാടക കാണിച്ചിരുന്നു ... പക്ഷെ ഇവിടെ ഒന്നും ഒരു ജിമ്മി ജിപ്പും കോപ്പുമില്ല...." ഒടുവില്‍ എവിടെ നിന്നോ ആവോ ബാബു ഒരു ജിമ്മി ജിപ്പ് കൊണ്ട് വരുന്നത് കണ്ടു. അത് കണ്ട ആശ്വാസത്തില്‍ പൈലി മുതലാളിയെ വിളിക്കുന്നതും കേട്ടു.

ഒടുവില്‍ ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്യാന്‍ തന്നെ തീരുമാനിച്ചു. ഒരു ക്ഷമാപണത്തില്‍ ഇത് ഒതുങ്ങി വരുമോ ആവോ. എന്തായാലും ഇന്ന് പാതിരാത്രി കഴിയാതെ വീട്ടില്‍ എത്താമെന്ന് യാതൊരു പ്രതീക്ഷയും വേണ്ട... വഴക്ക് ഒരു നാള്‍ മറിഞ്ഞു നീളുമ്പോള്‍ സ്വല്പം മൂര്‍ച്ച കുറയും എന്ന് അനുഭവം. അതാണൊരു ആശ്വാസം

രാഹുല്‍ മേനോന്‍ എന്ന മെഴുകു പ്രതിമ വീണ്ടും മുഖം വക്രിച്ചു കാട്ടി... അവനിപ്പോഴും പോസ് ചെയ്യുന്ന ഒരു ഭാവം മാത്രം. അവന്റെ ഷോ റീല്‍ ഉണ്ടാക്കി എടുക്കാന്‍ ആ ഫിലിം മേയ്ക്കര്‍ നല്ല പാട് പെട്ടിട്ടുണ്ടായിരിക്കണം. അവര്‍ക്ക് മുന്‍പില്‍ നമിക്കേണ്ടി വരും. വീണ്ടും ടേക്ക് നീളുന്നത് അറിഞ്ഞു സോണല്‍ ക്രൂദ്ധമായി നോക്കുന്നത് കണ്ടില്ലെന്നു നടിച്ചു. എങ്ങനെ എങ്കിലും ഇത് തീര്‍ക്കണം.. അത് മാത്രമായി ചിന്ത. അപ്പോഴാണ്‌ ലൊക്കേഷന്‍ ഓണര്‍ സേട്ടു ഒരു വലിയ അട്ടഹാസവുമായി വന്നത്. യൂണിട്ടിലുള്ള ഏതോ ഒരുത്തന്‍, താഴത്തെ നിലയില്ലുള്ള  അയാളുടെ മകളുടെ മുറിയിലേക്ക് ഒളിച്ചു നോക്കിയത്രേ.  രാവിലെ കൊമ്ബോടിയായില്‍ നിന്നും കൊണ്ട്ഞാ വന്ന ഒരു ഗണേശ വിഗ്രഹം ഒരു കക്ഷി ഉടച്ചതിന്റെ പ്രശ്നം തീര്തിട്ടുണ്ടായിരുന്നില്ല. ഞാന്‍ അണ്ണനെ പാളി നോക്കി. അണ്ണന്‍ ഇതെത്ര കണ്ടിട്ടുള്ളതാണ് എന്ന ഭാവത്തില്‍.  സംവിധായകന്‍ സായിപ്പിനോടുള്ള മല്ലയുദ്ധം മതിയാക്കി, സേട്ടുവിന്റെ കാലു പിടിത്തമായി. ഇനിയും ഇതെത്ര നീളുമോ ആവോ?

അപ്പോള്‍ അവള്‍ എന്റെ അടുത്തേക്ക് വന്നു... "അങ്കിള്‍ ഡു യു ഹാവ് എ കളര്‍ പെന്‍സില്‍?".. മൂലക്കല്‍ ഇരുന്ന ബാഗില്‍ നിന്നു ഒരു സ്കെട്ച് പെന്‍ സെറ്റ് കിട്ടി.. അത് കൊടുത്തപ്പോള്‍ ഒരു അവള്‍ക്കു ഒരു നിധി കിട്ടിയ സന്തോഷം. ചാടി തുള്ളി അമ്മ സോഫയില്‍ ചായുന്ന മുറിയിലേക്കോടി ... സെട്ടുവും സംവിധായകനും ആയുള്ള സംവാദം ഇപ്പോളും തുടരുന്നത് കണ്ടപ്പോള്‍ ഇടപെടാന്‍ തുനിഞ്ഞു. പക്ഷെ ഞാന്‍ അങ്ങോട്ടേക്ക് എത്തുമ്പോഴേക്കും എന്തോ ഒടുവില്‍ സേട്ടു വഴങ്ങി. അയാള്‍ക്ക്‌ മടുത്തു കാണണം.  ബാബു സഞ്ചിയില്‍ നിന്നു ഒരു കേട്ട് നോട്ടു കൂടി എടുക്കുന്നത് കണ്ടു. പാവം സംവിധായകന് ഈ പടവും നഷ്ടം...

പതുക്കെ റെയ്ക്കിലേക്ക് വീണ്ടും. "എങ്ങിനെയെങ്കിലും തീര്‍ക്കു... അവനെ തിരിച്ചു നിര്‍ത്തി ഫ്രെയിം ചെയ്യ്... നമുക്ക് എന്തെങ്കിലും ടബ്ബ് ചെയ്യുമ്പോള്‍ നോക്കാം. " അണ്ണന്‍ സംവിധായകനോട് ചെവിയില്‍ പറഞ്ഞു ... "ചിക്കി എവിടെ.." .ബാബു വീണ്ടും വെപ്രാളപെട്ടു ഓടി. ആ ബഹളത്തില്‍ മയക്കത്തില്‍ നിന്നും ദീപ ഷായും ഉണര്‍ന്നു.  ഒരു നിമിഷത്തേക്ക് ആ ഇരുപ്പില്‍ നിന്നും എഴുന്നേറ്റു. കാലിയായ ഗ്ലാസ്‌ ബൌളിലേക്ക് നോക്കി അലസമായി നടന്നു വന്നു ... "ബേട്ടി.. ബേട്ടി ..." കുട്ടിയെ കാണാതെ ഓരോരുത്തരായി ഓരോ ദിശയില്‍ പായുമ്പോള്‍... സോനളിനോട് സോള്ളാനുള്ള ഒരു അവസരമായി രാഹുല്‍ മേനോന് ഈ ഇടവേള...

യൂണിറ്റിലെ ഏതോ ഒരു പയ്യനാണ് വാതിലിനു പിന്നിലെ അടക്കിയ ചിരി കേട്ടത്. അമ്മ തന്നെ പോയി വിളിച്ചപ്പോള്‍ അവള്‍ ഒരു പുഞ്ചിരിയോടെ വന്നു ... നേരെ റെയ്ക്കിലെക്കല്ലേ?. ഒരിക്കല്‍ കൂടി ബാബു മറ്റുള്ളവര്‍ക്ക് ടയലോഗ് പറഞ്ഞു കൊടുത്തു.  ഈശ്വരാ ഇതെങ്ങിലും ശരിയായാല്‍ മതി..മെല്ലെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ അവിടെ നിന്നും മാറി നില്‍ക്കട്ടെ. ഷൂട്ട്‌ നടക്കുന്ന ഹാളില്‍ നിന്നും ഇറങ്ങി മെല്ലെ മട്ടുപ്പാവിലേക്ക്‌  പോയി നിന്ന് . രാത്രി ഫോര്‍ട്ട്‌ കൊച്ചിയുടെ മുകളില്‍ തീര്‍ക്കുന്ന കറുത്ത ആവരണം ... എന്തൊക്കെ പറഞ്ഞാലും എട്ടു മണിയോടെ ഈ നഗരം ഉറങ്ങാന്‍ തുടങ്ങും. വിയര്‍ത്ത ദേഹത്ത് തണുത്ത കാറ്റ് എല്ക്കുംപോള്‍ ഉള്ള സുഖം. പതിയെ ഫോണ്‍ സ്വിച്ച് ഓണ്‍ ആക്കി.. ഭാഗ്യം പിന്നെയവള്‍ എസ് എം എസ് ഒന്നും അയച്ചില്ല ... വിളിച്ചുമില്ല.. അവള്‍ക്കു തന്റെ ഭര്‍ത്താവിനെ നല്ല പോലെ അറിയാം...

എന്തോ വീണ്ടും ശബ്ദം കേട്ടപ്പോഴാണ് തിരിഞ്ഞു നോക്കിയത്. ബാബു കുട്ടിയേയും അടക്കി എടുത്തു കൊണ്ട് പുറത്തേക്കു ഓടി വരുന്നു . പിറകെ നാലഞ്ചു പേരും.  ഈശ്വരാ വല്ല അപകടവും ... ഉള്ളിലൊരു തീയാളി... "എന്താ ബാബു.. എന്തു പറ്റി.." "ഏയ് സാരമില്ല... ഒന്നൂല്യ ... ആ തള്ള ഒരു അടി കൊടുതതതാണ് ... " കരച്ചില്‍ ഒരു തേങ്ങലായി കുറച്ചു കണ്ണുനീര്‍ തുടക്കുന്ന ചിക്കി... "എന്തിനാ .."  "ഏയ് അത് ഷോട്ട് വന്നപ്പോള്‍ അവള്‍ കളി... കുറെ നേരമായില്ലേ അത് നിന്ന് അഭിനയിക്കുന്നു.. കുറ്റം പറയാന്‍ പറ്റുമോ.. അതൊക്കെ ആ സ്ത്രീ... ആ ശവം കൊച്ചിന്റെ മുഖമാടച്ചാ അടിച്ചത്...." മലയാളത്തില്‍ പറഞ്ഞതും കുട്ടിക്ക് മനസ്സിലായോ ആവോ... വീണ്ടും തേങ്ങലിന് ശക്തി കൂടി ... ബാബു പോകേറ്റില്‍ നിന്നും ഒരു ചോക്ലട്റ്റ് കൂടി എടുത്തു ... മെല്ലെ കണ്ണുനീര്‍ ചിരിയിലേക്ക്‌ ... അഞ്ചു നിമിഷം കൊണ്ട് കാര്‍മേഘം നീങ്ങിയ ചന്ദ്രബിംബം. മുഖം തുടച്ചു ടച് അപ്പ്‌ ചെയ്തു വീണ്ടും ഷോട്ടിലേക്ക് ...

അവര്‍ അകത്തേക്ക് പോയപ്പോള്‍ ദീപ ഷാ പുറത്തേക്കു വന്നു... "എന്തിനാ അവളെ അടിച്ചത്" വെറുതെ ചോദ്യം വായില്‍ നിന്നു വീണു കഴിഞ്ഞപ്പോളാണ് ചോദിക്കേണ്ടി ഇരുന്നില്ല  എന്ന് തോന്നിയത് .. "അവളുടെ അച്ഛന്‍ രണ്ധിര്‍ കപ്പൂരല്ല സാറേ.. " പറയുമ്പോള്‍ അവരുടെ മുഖത്ത് നിസ്സങ്ങാത്ത.. പിന്നെ സംസാരിക്കാന്‍ താല്പര്യം തോന്നാത്തത് കൊണ്ട് പതുക്കെ ഫോണ്‍ എടുത്തു  ഡയല്‍ ചെയ്തു. "മോനുറങ്ങിയോ?"... "എപ്പോഴേ... അവനു അവന്റെ അച്ഛനെ നന്നായറിയാം. തക്കൊലെടുതിട്ടില്ലേ? ഞാന്‍ പൂട്ടി കിടക്കും..." വേഗം ഫോണ്‍ കട്ട്‌ ചെയ്തു. ഇതൊരു ക്ഷമാപണത്തില്‍ ഒതുങ്ങും എന്ന് തോന്നുന്നില്ല.

എന്തോ പിന്നെ ഷൂട്ട്‌ നടന്നത് വളരെ വേഗത്തില്‍. ഞാന്‍ അകത്തേക്ക് ചെന്നപ്പോള്‍ ക്യാമറയില്‍ ചിരിക്കുന്ന മുഖവുമായി ചിക്കി  "എന്റെ കുണ്ടുംബതിന്റെ സ്വര്‍ണ സൌഭാഗ്യം "... "കട്ട്‌ ..." അണ്ണന്‍ പറഞ്ഞു " നീ വണ്ടിയിലല്ലേ ..." "അണ്ണന്‍ പൊക്കോ.. ഞാന്‍ സെറ്റില്‍ ചെയ്തിട്ടേ വരുന്നുള്ളൂ.." ... ആരവങ്ങളും ബഹളങ്ങളും ഒന്നൊന്നായി ഒഴിയുന്നു.. കാര്‍ സീറ്റിലേക്ക് ചായുന്ന ദീപ ഷായുടെ മടിയില്‍ അവള്‍ ഉറക്കമായി ..

"ഇപ്പോള്‍ തന്നെ പോകുകയാണ്.. നാളെ രാവിലെ തന്നെ ഏകത ദീധിയുടെ സെറ്റില്‍ നേരത്തെ ചെന്നില്ലെങ്കില്‍." ഒന്ന് ചിരിച്ചു എന്ന് വരുത്തി... ബാഗെവിടെ? ... മൂലക്കല്‍ അനാഥമായി കിടക്കുന്ന ബാഗെടുക്കുംപോള്‍  ആണ്  അത് കണ്ടത് .. ഒരു സ്റ്റോറി ബോര്‍ഡിന്‍റെ കോപ്പിയുടെ പിന്‍വശത്ത് ഒരു മനോഹരമായ ഒരു ചിത്രം ... "ഒരു കൊച്ചു പൂവും പൂമ്പാറ്റയും"... നാളായി മടക്കി ബാഗില്‍ തിരുകിയപ്പോള്‍ അറിയാതെ കണ്ണൊന്നു നനഞ്ഞു ... വാതില്‍ തുറന്നു അകത്തു കിടന്നു മുറിയിലേക്ക് കിടന്നപ്പോള്‍ സുഖമായുറങ്ങുന്ന മോനെ കണ്ടപ്പോള്‍ അത് നിയന്ത്രിക്കാനാവാത്ത കരച്ചിലായി ....




അഭിപ്രായങ്ങളൊന്നുമില്ല: