ചൊവ്വാഴ്ച, നവംബർ 01, 2011

ഉടയംപെരൂരും കുന്നംകുളവും തമ്മിലുള്ള ദൂരം (ഡീഗോ ഗാര്‍ഷ്യ വഴി)

ബെന്യാമിന്റെ പുതിയ പുസ്തകമായ മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയതാണ് ഈ കുറിപ്പിടുവാന്‍.. ഇത് കൊണ്ട് ഒരു നിരൂപണം അല്ലെങ്കില്‍ ഒരു വിമര്‍ശനം എന്ന യാതൊരു ഉദ്ദേശവും അല്ല തെറ്റിദ്ധാരണയും എനിക്കില്ല. മറിച്ചു ഉള്ളില്‍ തോന്നിയ ചില കാര്യങ്ങള്‍ വെറുതെ കുറിച്ചിടുക മാത്രമാണ് ചെയ്യുന്നത് ... 

ആടുജീവിതത്തിനു ലഭിച്ച അസാമാന്യമായ വായനക്കാരുടെ ശ്രദ്ധക്ക് ശേഷം ബെന്യാമിന്‍ എഴുതുന്ന പുസ്തകം എന്ന നിലയ്ക്ക് മഞ്ഞവെയില്‍ മരണങ്ങള്‍ എന്നില്‍ വളരെ ഏറെ പ്രതീക്ഷ ഉണര്‍ത്തിയിരുന്നു. മലയാള നോവല്‍ സാഹിത്യം ഇത് വരെ കടന്നു ചെല്ലാത്ത മേഖലകള്‍ (terrains എന്ന അര്‍ത്ഥത്തില്‍) തേടി പോകുന്ന കാഴ്ച വളരെ ആഹ്ലാദം പകര്‍ന്നു തരുന്നതാണ് എന്നാണു വായിച്ച ഒരാള്‍ എന്നോട് പറഞ്ഞത്.  അത് പോലെ തന്നെ നോവല്‍ ഘടനയില്‍ അദ്ദേഹം സ്വീകരിച്ച പുതുമകളും ശ്രദ്ധേയമാണ് എന്നായിരുന്നായിരുന്നു എനിക്ക് കിട്ടിയ മറ്റൊരു അഭിപ്രായം. ഒരു കാര്യം ആദ്യമേ തന്നെ പറയാം. കൈയ്യിലെടുത്ത ഉടനെ ഒരൊറ്റ ഇരുപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ഒരു പുസ്തകമാണ് ഇത്. ലളിതമായ ഭാഷ നല്ല ഒഴുക്കോടെ വരികളാവുന്നു. 

ആടുജീവിതം മലയാളത്തിനു ഒരു പുതുമയായിരുന്നു. ഒരു പക്ഷെ ഒരു പാട് മുഷിപ്പുളവാക്കിയെക്കാവുന്ന ഒരു പ്ലോട്ട് വെച്ചെഴുതിയ ഒരു പുസ്തകത്തിന്‌ എഴുത്തുകാരന്റെ ഭാഷാ ഗുണവും കൈയടക്കവും കൊണ്ട് വായനക്കാരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരു പോലെ പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ഒരു ചെറിയ കാര്യം ആയി കാണാനാവില്ല. ആ ഒറ്റ കാര്യത്താല്‍ ഈ പുസ്തകം ഒട്ടേറെ പ്രതീക്ഷയോടെയും ഒരു ചെറു കൌതുകത്തോടെയും ആണ് വായിക്കാനെടുത്തത്. ചെറിയ കൌതുകം എന്ന് പറഞ്ഞത് വളരെ പുതുമയുള്ള ഒരു കവര്‍ ഡിസൈന്‍ നല്‍കിയതാണ്. കണ്ടു മടുത്ത കവര്‍ ഡിസൈന്‍ മാതൃകകളില്‍ നിന്നും തെല്ലു മാറിനിന്നു,  മാറുന്ന കാലഘട്ടത്തിനോട്  കൂടുതല്‍ ചേര്‍ന്ന് നില്‍ക്കുന്ന ഒരു ഡിസൈന്‍ ആയി തോന്നി. അത് കൂടാതെ വലുപ്പത്തില്‍ ഏതാണ്ട് ആടുജീവിതത്തിന്റെ ഇരട്ടി പേജുകള്‍ വരും ഈ മഞ്ഞവെയിലിനു. മുന്നൂറ്റമ്പത് പേജുകള്‍... 

പക്ഷെ വായിച്ചു തുടങ്ങിയ ആദ്യത്തെ കുറച്ചു താളുകള്‍ കൊണ്ട് തന്നെ രചനയിലെ സ്വാധീനങ്ങള്‍ വളരെ വ്യക്തമായി പുറത്തു വന്നു എന്ന് പറയാതെ വയ്യ. അതും, സമകാലീന മലയാള നോവലുകളില്‍ നിന്ന് തന്നെയുള്ള സ്വാധീനം. "നോവേലിനുള്ളിലെ നോവല്‍"  എന്നാ അധികം ഉപയോഗിച്ച് കാണാത്ത ഒരു രചന രീതിയെ പിന്തുടര്‍ന്ന് ചെയ്തതാണെങ്കിലും, പോയ വര്‍ഷം കേരളം  കൊണ്ടാടിയ ടി ഡി രാമകൃഷ്ണന്റെ "ഫ്രാന്‍സിസ് ഇട്ടിക്കോര" എന്ന നോവേലുമായുള്ള സാദ്രിശ്യം പലയിടങ്ങളില്‍ വളരെ വ്യക്തമാണ്. ഇവിടുത്തെ "മറിയം സേവ" എന്ന ആരാധന ശൈലിയും  (അങ്ങിനെ പറയാമോ എന്ന് എനിക്ക് അറിയില്ല) ഇട്ടിക്കൊരയുടെ "കൊരപ്പപ്പന് കൊടുക്കലും" തമ്മിലുള്ള സാമ്യം എത്ര മൂടിവെച്ചാലും വായിചിട്ടുള്ളവന്റെ മനസ്സില്‍ വ്യക്തമായി തെളിഞ്ഞു വരും. നല്ല പോലെ റിസര്‍ച്ച് ചെയ്താണ് അദ്ദേഹം രചന നടത്തിയത് എന്ന് പരിഗണിച്ചാല്‍ തന്നെ പല സമയത്തും ഈ സ്വാധീനം വായനക്കാരനെ ആലോസരപ്പെടുത്താവുന്നതാണ് .

അത്ര തന്നെ പറയേണ്ടതാണ് രണ്ടു ദശാബ്ദങ്ങള്‍ മുന്‍പിറങ്ങിയ പരിണാമം എന്ന എം പി നാരായണ പിള്ളയുടെ നോവേലുമായുള്ള സാമ്യം. എഴുത്തുകാരനും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തുന്ന അന്വേഷണം എന്ന രചന രീതി തന്നെ (അവരുടെ സമ്മേളനങ്ങളും ചര്‍ച്ചകളും അടക്കം) പരിണാമത്തില്‍ നിന്നും അടര്‍ത്തി എടുത്തത്‌  ആണ് എന്നും വായനക്കാരന് തോന്നിയാല്‍ തെറ്റ് പറയാനാവില്ല. 

പുസ്തകങ്ങള്‍ ഒരു വരി മാറാതെ പകര്‍ത്തി അടിക്കുന്ന ഈ കാലഘട്ടത്തില്‍,  പ്രചോദനം അല്ലെങ്കില്‍ സ്വാധീനം എന്നത് ഒരു വന്‍ അപരാധം ആണ് എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ അത് വെട്രിമാരന്‍ എന്ന തമിഴ് സംവിധായകന്‍ തന്റെ ആടുകളം എന്ന സിനിമയുടെ ടൈറ്റില്‍ ചെയ്ത പോലെ വ്യക്തമായി അക്നോലെട്ജ് ചെയ്തും ചെയ്യാം. 

 ഡീഗോ ഗാര്‍ഷ്യ എന്ന മലയാളി വായനക്കാരന്റെ ശ്രദ്ധയില്‍ ഇന്നേവരെ പതിയാത്ത ഒരു ഭൂപ്രദേശം, അതിന്റെ എല്ലാ ചൂടും ചൂരും ചോര്‍ന് പോകാതെ വായനക്കാരന് പകരാന്‍ ബെന്യാമിന്റെ ഭാഷയ്ക്ക്‌ കഴിഞ്ഞിട്ടുണ്ട്.  അത് പോലെ തന്നെ ഫാക്ടും ഫിക്ഷനും തമ്മില്‍ സമര്‍ത്ഥമായി ഇഴ പിരിക്കുന്നതിനും. ഒരു ത്രില്ലെര്‍ അതിന്റെ പിരിമുറുക്കം ഒട്ടും ചോര്‍ന്നു പോവാതെ അവസാന നിമിഷം വരെ നില നിര്‍ത്തി പോന്നുവെങ്കിലും അവസാനിച്ചപ്പോള്‍ ഒട്ടൊരു അപൂര്‍ണത അവശേഷിപ്പിച്ചത് ഒരു പക്ഷെ പലര്‍ക്കും കടുത്ത ഇചാഭംഗം വരുത്തിയേക്കാം. എവിടെ എങ്കിലും ഒന്ന് കരക്കടുപ്പിച്ചു അവസാനിപ്പിക്കാന്‍ ഒരു വല്ലാത്ത തിരക്ക് കൂട്ടുന്നതായി തോന്നി . ഒരു ത്രില്ലറിന്നു ഒഴിച്ച് കൂടാനാവാത്ത ഘടകമായ എല്ലാം തുന്നിചേര്‍ക്കല്‍ എന്ന പ്രക്രിയ പാതി വഴിക്കുപെക്ഷിച്ച ഒരു പ്രതീതി.

മുഴുവന്‍ വായിച്ചു കഴിഞ്ഞപ്പോള്‍ തോന്നിയ ഒരു കാര്യം, എഴുത്തുകാരന്‍ രചനക്കിടയില്‍ അല്പം ആശയ കുഴപ്പം അനുഭവിചിരുന്നില്ലേ എന്നാണു.  ഡീഗോ ഗാര്‍ഷ്യയില്‍ നിന്ന്  അന്ത്രപ്പേര്‍ ലെജന്‍ഡ് എന്ന വട്ടത്തില്‍ കളിക്കണോ, അതോ ഉദയംപേരൂരില്‍ "മറിയം സേവ" എന്ന മിത്തില്‍ ഫോക്കസ് ചെയ്യണോ.  അതിനിടക്ക് വീണുകിട്ടിയ സെന്തില്‍ - തീവ്രവാദ ആങ്കിള്‍ ഒരു സബ് പ്ലോട്ട് ആയി വന്നതും ... അവിടെയാണ് എഴുത്തുകാരന്‍ ഒന്ന് കുഴങ്ങി പോയത്... ആ ആശയകുഴപ്പം മൂലം കൊരപ്പാപ്പന്‍ എന്ന വടവൃക്ഷത്തെപ്പോലെ പടര്‍ന്നു പന്തലിക്കാന്‍ അന്ത്രപ്പെരിനു കഴിഞ്ഞില്ല. അത് പോലെ തന്നെ മറിയം സേവയും പാതി വെന്തു കിടന്നു.

ഇതൊക്കെ പറയുമ്പോഴും ഒരു കാര്യം തുടക്കത്തില്‍ പറഞ്ഞ പോലെ സന്തോഷം തരുന്നതാണ് ... മലയാള നോവല്‍ സാഹിത്യം കെട്ടിയിട്ടിരുന്ന കുറ്റിയില്‍ നിന്നും അഴിഞ്ഞു പോന്നു... പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി... പുതിയ കാലത്തിനു.. പുതിയ വായനക്കാര്‍ക്ക്...





അഭിപ്രായങ്ങളൊന്നുമില്ല: