വെള്ളിയാഴ്‌ച, നവംബർ 11, 2011

ഹിപ്പോക്രയ്റ്റുകള്‍ വാഴുന്ന സ്വന്തം നാട്

ഗോവിന്ദ ചാമിക്ക്‌ തൂക്കുകയര്‍... ന്യായവിധി... പടക്കം പൊട്ടിച്ചും, മധുരം വിളമ്പിയും ആഘോഷിക്കേണ്ടത് തന്നെ. സാമൂഹ്യവ്യവസ്ഥയുടെ ഭദ്രതയ്ക്ക് ഒരു കുറ്റവാളി ശിക്ഷിക്കപ്പെടെണ്ടത് അനിവാര്യം തന്നെ. ഈ വിധി  കൊണ്ട് കുറ്റം ചെയ്യുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന സാമൂഹ്യവിരുധ്ധര്‍ക്ക് ഒരു സന്ദേശം കൊടുക്കുവെങ്കില്‍ അത് ഏറ്റവും സ്വാഗതാര്‍ഹം... ഇങ്ങനെ ഒക്കെ പറയുമ്പോഴും നമ്മള്‍ മലയാളിയുടെ ഹിപ്പോക്രസി കാണുമ്പോള്‍ ലജ്ജ തോന്നുന്നുണ്ടെന്ന് പറയാതിരിക്കാനും വയ്യ... ഇത് പോലെ തന്നെ അല്ലെങ്കില്‍ ഇതിനേക്കാള്‍ ഹീനവും നികൃഷ്ടവുമായ മറ്റു ചില കുറ്റകൃത്യങ്ങള്‍ ഈ നാട്ടില്‍ ഇതേ കാലത്ത് തന്നെ നടന്നു.

ഉദയകുമാര്‍ എന്ന ഒരു പാവം മനുഷ്യനെ, എകയും നിരാലംബയുമായ അമ്മക്ക് ഓണക്കോടി വാങ്ങാനിറങ്ങിയ ഒരു ഓണക്കാലത്ത്, കൈയിലുള്ള ചില്ലറത്തുട്ടുകള്‍ തട്ടിപറച്ചു ഇഞ്ചിഞ്ചായി ഉരുട്ടികൊന്നു ദാഹമാടക്കിയ മാന്യന്മാര്‍ സമൂഹത്തില്‍ ഇന്നും തലയുയര്‍ത്തി നെഞ്ച് വിരിച്ചു നടക്കുന്നുണ്ട്. പാലക്കാട്‌ ഹരീന്ദ്രന്‍ എന്ന ഒരു പാവം ഉദ്യോഗസ്ഥനെയും, അദ്ധേഹത്തിന്റെ പറക്കമുറ്റാത്ത രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും തങ്ങളുടെ അഴിമതികള്‍ ചാക്കിട്ടു മൂടാന്‍ മരണത്തിലേക്ക് തള്ളി വിട്ട വ്യവസായ പ്രമുഖന്മാരും രാഷ്ട്രീയ നേതാക്കളും ഇപ്പോഴും വെളുക്കെ ചിരിച്ചുകൊണ്ട് നമ്മുടെ മുന്നില്‍ വിലസി നടക്കുന്നുണ്ട്. അധികം നാളുകളായില്ല രഘു എന്ന ഒരു ചെറുപ്പക്കാരനെ ബസ് യാത്രക്കിടയില്‍  പോക്കറ്റടി ആരോപിച്ചു പച്ച ജീവന് തല്ലി കൊന്നു നീതി നടപ്പാക്കിയത് നമ്മള്‍ രണ്ടു കൈയും കെട്ടി കണ്ടു കൊണ്ട് നിന്നിട്ട്. കവിയൂര്‍, കിളിരൂര്‍, അഭയ കേസ്... അങ്ങിനെ എത്ര എത്ര നിഷ്ടൂര കൃത്യങ്ങള്‍.  ഇതിന്റെ ഒക്കെ പിറകില്‍ ഉള്ള കുറ്റവാളികള്‍ ഇവിടെ നമ്മുടെ ഇടയില്‍ മാന്യന്മാരായി വിലസുന്നു.

സമൂഹത്തില്‍ നിലയും വിലയുമുള്ള ഉന്നത ശ്രേണി അലങ്കരിക്കുന്ന അത്തരം ഇരുകാലികളുടെ രോമത്തില്‍ എങ്കിലും തൊടാന്‍.... അവരെ കല്ലെറിഞ്ഞിടാന്‍ ആരും വരില്ല. തിളച്ച രക്തവുമായി ആ തമിഴനെ രോഷാകുലരായി കൈകാര്യം ചെയ്യാനും അവന്റെ വാഹനത്തിനു നേരെ കല്ലും ചീമുട്ടയും എറിയാനും, ആക്രോശിച്ചു കൊണ്ട് ആഹ്ലാദ പ്രകടനം നടത്താനും മുന്‍നിരയില്‍ ഉണ്ടായിരുന്ന സംഘടനകളും നേതാക്കന്മാരും അവിടെ കമാന്ന് ഒരക്ഷരം മിണ്ടില്ല... സൗമ്യയുടെ കേസില്‍ ജനരോഷതീ ആളിക്കത്തിച്ച മാധ്യമ പൂച്ചകള്‍ അവിടെ പഞ്ച പുച്ഛം അടക്കി നില്‍ക്കും.

അവിടെയാണ് ചീഞ്ഞു നാറിയ ഈ സമൂഹത്തിന്റെ മുഖം നമ്മളെ നോക്കി പല്ലിളിക്കുന്നത്.. നമ്മുടെ ആര്‍ജവവും സാമൂഹ്യബോധവും എല്ലാം സമ്പത്തിനും ഗോവിന്ദ ചാമിക്കും ശിക്ഷ വാങ്ങി കൊടുക്കാന്‍ മാത്രമുള്ളതാണ്. അത് ശക്തിയും ശേഷിയുമുള്ള വിഭവവും വൈഭവവും സ്വാധീനവും ഉള്ള കുറ്റവാളികള്‍ക്ക് നേരെ ഉയരാനുള്ളതല്ല. നമ്മുടെയൊക്കെ ധര്‍മ രോഷവും, സാമൂഹ്യ ബോധവും , ആദര്‍ശപരതയും ദ്രവ്യം ഇല്ലാത്തവന്റെ മേല്‍ കുതിര കേറാനും (അവന്‍ കുറ്റവാളി ആണെങ്കിലും അല്ലെങ്കിലും) അവനെ കല്ലും ചെരിപ്പും ചീമുട്ടയും എറിഞ്ഞു വീഴ്ത്തിയും കുരുക്കിട്ടു കൊന്നും തീര്‍ക്കാനുള്ളതാണ്. മടിശീലക്കനവും ബന്ധു ബലവും ഉള്ളവനെ കണ്ടാല്‍ നാമടങ്ങുന്ന മലയാളി സമൂഹം എന്ന മനോരോഗികളുടെ മുട്ടിടിക്കും. അവരുടെ മുന്നില്‍ നമ്മള്‍ മുണ്ടില്‍ പെടുക്കും. അത് കൊണ്ട് നമുക്ക് ചാര്‍ളി തോമസിനെ തൂക്കി കൊന്നും. സമ്പത്തിനെ ഉരുട്ടി കൊന്നും നമ്മുടെ ഷണ്ടത്വം ആഘോഷിക്കാം...ലഡ്ഡു കൊടുത്തും, പടക്കം പൊട്ടിച്ചും ആഘോഷിക്കാം. ചാക്കും തോക്കുമായി വലിയ സായിപ്പ് വരുമ്പോള്‍ ഇടത്തെ കാല്‍ തറയില്‍ അമര്‍ത്തി ചവുട്ടി മുട്ടന്‍ ഒരു സലൂട്ട് കൊടുത്തു ഒച്ച്ചാനിച്ചു നിക്കാം...

അത് കഴിഞ്ഞു ബസ്‌ സ്റ്റോപ്പില്‍ പോയി ഒറ്റയ്ക്ക് നില്‍ക്കുന്ന പെണ്‍കുട്ടികളുടെ നേരെ ഒരു അശ്ലീല കമ്മെന്റ് അടിക്കാം, ബസ്സില്‍ കയറി അവളെ രഹസ്യമായി തോണ്ടി തൃപ്തി അടയാം. അടുത്ത ബീവേരെജെസ്സിനു മുന്നില്‍ ഇറങ്ങി ക്യു നിന്ന് കിട്ടിയ കുപ്പി കാലിയാക്കി തെരുവിലും വീട്ടിലും സോഷ്യല്‍ നെറ്റ്വര്‍ക്കിലും ടീവിക്ക് മുന്നിലും വെച്ച് ആഘോഷിക്കാം...

ആഘോഷിക്കാന്‍ ഇനിയും നമുക്ക് കിട്ടും നാളെ വേറെ സൌമ്യമാരുടെ ചേതനയറ്റ കടിച്ചു കീറപെട്ട ജഡങ്ങള്‍... അവരെ പിച്ചി ചീന്തി കൊന്ന ചാമിമാരെയും....

അഭിപ്രായങ്ങളൊന്നുമില്ല: