ചൊവ്വാഴ്ച, നവംബർ 22, 2011

മുല്ലപ്പെരിയാറില്‍ നമുക്ക് ചെയ്യാവുന്നത്

ഒന്ന് രണ്ടു ദിവസം മുന്‍പ് ഒരു സുഹൃത്തിന്റെ ഈ വിഷയത്തിലുള്ള ഒരു പോസ്റ്റില്‍ വളരെ നിരുത്തരവാദപരമായി "ഒരു സിനിമയുടെ പ്രചാരണആയുധം" എന്ന വിവക്ഷയില്‍ ഒരു കംമെന്റിടുകയും, അത് മാപ്പപേക്ഷിച്ചു പിന്‍ വലിക്കുകയും ചെയ്തിരുന്നു... ആ വീണ്ടു വിചാരം ഇല്ലാത്ത ബാലിശമായ പ്രവര്‍ത്തിയിലുള്ള കുറ്റബോധവും ലജ്ജയും കൊണ്ട് കഴിഞ്ഞ രണ്ടു ദിവസങ്ങാളായി ഞാന്‍ ഈ പ്രശ്നത്തെ കുറിച്ച് കൂടുതല്‍ വിശകലനം ചെയ്യാനും നമുക്ക് അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന് മനസ്സിലാക്കാനും കുറെ സമയം വിനിയോഗിച്ചു.. അതിന്റെ പരിണിതഫലമാണ് ഈ കുറിപ്പ്.

ഞാന്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി "അതിര്‍ത്തിക്കപ്പുറം" ആയിരുന്നു. ഇതേ കുറിച്ച് തമിഴന്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാന്‍... ഈ വിഷയങ്ങളിലുള്ള അവരുടെ ഫോറങ്ങള്‍ കയറി ഇറങ്ങി (ഭാഷ പരിമിതി മൂലം ഇംഗ്ലീഷില്‍ ഉള്ളവ മാത്രമായിരുന്നു അവയധികവും). അതില്‍ നിന്നും വ്യക്തമാകുന്ന ഒരു കാര്യം എന്താണ് എന്ന് വെച്ചാല്‍ അവരുടെ ഭാഗത്ത്‌ പ്രധാനമായും അതിവൈകാരികത ഉണര്താനാണ് ശ്രമം നടക്കുന്നത്.. മലയാളിയെ തെറി പറയാനാണ് മിക്കവര്‍ക്കും താല്പര്യം (നമ്മളും തിരിച്ചു പറയാന്‍ ഒട്ടും പിന്നിലല്ല എന്ന് കൂടി പറയട്ടെ). പല തരത്തില്‍ പറയുകയാനെങ്കിലും പ്രധാനമായും അവര്‍ മൂന്നു വാദമുഖങ്ങള്‍ ആണ് നിരത്തുന്നത്

1) ഡാമിന്റെ കാല പഴക്കം മൂലം തകരും എന്ന പ്രചരണം എന്ന് നമ്മള്‍ മലയാളികള്‍ വെറുതെ പറയുന്നതാണ്. ഇതിലും പഴക്കം ഉള്ള ഡാമുകള്‍ ലോകത്ത് പലതുമുണ്ട്.

2) പുതിയ ഡാം എന്നാല്‍ തമിഴന് വെള്ളം നിഷേധിക്കാനുള്ള ഒരു തന്ത്രമാണ്, മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം ഇല്ലെങ്കില്‍ അഞ്ചു ജില്ലകളില്‍ ഒരു പുല്ലു പോലും മുളക്കില്ല.

3) മൂന്നാമതെത് എന്നാല്‍ പ്രധാനമായുള്ളത് ഈ വിഷയത്തില്‍ ഡാം കെട്ടാന്‍ അനുവദിച്ചാല്‍ അത് തമിഴ് ദേശീയതയുടെ അല്ലെങ്കില്‍ സത്വ ബോധത്തിന്റെ ഒരു കീഴടങ്ങലാണ്... അത് വക വെച്ച് കൂടാ.

ബാക്കി എല്ലാ വാദങ്ങളും ഒരു ആശയവുമില്ലാത്ത  വെറും ഗോഗ്വാ വിളികളും അസഭ്യഭാഷണങ്ങളും മാത്രമാണ്. ഇനി ഇതില്‍ നമുക്കെന്തു ചെയ്യാന്‍ കഴിയും?  ഈ സന്നിഗ്ധ ഘട്ടത്തില്‍ ഇതില്‍ അതി വൈകാരികത കലര്‍ത്തി ഏറ്റുമുട്ടലിന്റെ പാതയിലേക്ക് പോവുന്നത് കനത്ത നഷ്ടം നമുക്കുണ്ടാകും (അങ്ങിനെയാണ് ഇതിന്റെ വൈകാരിക വശം ചൂഷണം ചെയ്യാനുള്ള തല്‍പ്പരകക്ഷികള്‍ ആഗ്രഹിക്കുന്നത്) അത് കൊണ്ട് വിവേകപൂര്‍വ്വം ബുദ്ധി ഉപയോഗിച്ച്, ആശയപരമായ പ്രതിരോധത്തിലൂടെയും തമിഴനെ ബോധവല്‍ക്കരിച്ചു നേടുന്ന അഭിപ്രായസമന്വയതിലൂടെയും മാത്രമേ നമുക്ക് ക്ഷിപ്രപരിഹാരത്തിന്റെ പാതയിലേക്ക് കടക്കാനാവൂ.

ഇവിടെ നമുക്ക് ചെയ്യാന്‍ കഴിയുന്നത്‌ വിവേകത്തിന്റെ ഭാഷയില്‍, വൈകാരികത കലര്‍ത്താതെ, അവര്‍ വായിക്കുന്ന ഫോറങ്ങളില്‍, പ്രതികരിക്കുന്ന വേദികളില്‍ ആശയങ്ങളില്‍ ഊന്നി കാര്യ മാത്ര പ്രസക്തമായി പ്രതികരിക്കുക. അവിടെ ബോധപൂര്‍വം അസഭ്യതിന്റെയും വെല്ലുവിളിയുടെയും വായ്ത്താരികള്‍ക്ക് പിടി കൊടുക്കാതെ, അവരുടെ ദുര്‍ബലമായ വാദമുഖങ്ങളെ പോളിച്ചടുക്കുക.  ആദ്യത്തെ വാദം - നമ്മുടെ കൈയ്യില്‍ ഉള്ള തെളിവുകള്‍ ഉപയോഗിച്ച് യഥാതഥമായി ഡാമിന്റെ ദുര്‍ബല സ്ഥിതിയെപറ്റി.  ചോര്‍ച്ചയുടെ ചിത്രങ്ങള്‍, വാര്‍ത്തകള്‍ വീഡിയോകള്‍, എന്നിവ ക്രോടീകരിച്ചു പോസ്റ്റ്‌ ചെയ്യുക. ഇനി പഴക്കമുള്ള ഡാമുകളെ അവര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിലും പഴക്കമുള്ള കെട്ടിടങ്ങള്‍, സ്ട്രക്ച്ചരുകള്‍ എന്നിവ തകരന്നതിന്റെ തെളിവുകള്‍ കൊടുക്കുക, എന്നിട്ട് നമുക്ക് അവരോടു തന്നെ ചോദിക്കാം "മുപ്പത്തഞ്ചു ലക്ഷം നിരപരാധികളുടെ ജീവന്‍ നിങ്ങള്ക്ക് ഒന്നോ രണ്ടോ പഴകിയ കെട്ടിടങ്ങള്‍ നില്‍ക്കുന്നതിന്റെ ചാന്‍സിന് വിട്ടു കൊടുക്കണോ" എന്ന്. 

രണ്ടാമത്തെ കാര്യം - വെള്ളം, തമിഴന്റെ ഏറ്റുവും വലിയ പ്രശ്നം "തണ്ണീര്‍"  തന്നെയാണ്. അവനെപ്പോലെ അതിന്റെ വില നമുക്കും മനസ്സിലാകും എന്ന് അവനെ ബോധ്യപെടുത്തുക. പുതിയ ഡാം എന്നത് അവന്റെ വെള്ളം മുട്ടിക്കാനുള്ളതല്ല എന്നും അത് വന്നാലും അവനു കിട്ടി കൊണ്ടിരിക്കുന്ന വെള്ളം ഡാം പുനര്നിര്മിചാലും തുടര്‍ന്നും ഉറപ്പിച്ചു കിട്ടാന്‍ കിട്ടാന്‍ നമ്മള്‍ അവന്റെ കൂടെ തോളോട് തോള്‍ ചേര്‍ന്ന് പോരുതുമെന്നുള്ള വാഗ്ദാനം അവനു കൊടുക്കുക. അവന്റെ വെള്ളം കുടി മുട്ടിക്കലല്ല നമ്മുടെ ലക്ഷ്യം എന്നും, ലക്ഷകണക്കിന് നിരപരാധികളുടെ ജീവന്‍ രക്ഷിക്കലാണ് എന്നും അവനെ ബോധ്യപെടുത്തുക.

ഇനി ഏറ്റവും കാതലായ പ്രശ്നം - ഒരു പുതിയ ഡാം നിര്‍മിക്കാന്‍ നമ്മളെ അനുവദിക്കുക എന്നത് ഒരിക്കലും ഒരു കീഴടങ്ങല്‍ അല്ല എന്നത് അവനെ ബോധ്യപെടുത്തുക... അത് തമിഴ് ദേശീയതയുടെ തിളക്കമാര്‍ന്ന വിജയമാണ്... അവരുടെ ഹൃദയ വിശാലതയുടെ, നല്ല മനസ്സിന്റെ പ്രതിഫലനമാണ്. നമ്മള്‍ ആഗ്രഹിക്കുന്നത് ഐക്യമാണ് ശിധിലീകരണം അല്ല എന്ന് വ്യക്തമാക്കുക. നമ്മള്‍ അവന്റെ ദേശീയ ബോധത്തെ, സത്വത്തെ ബഹുമാനിക്കുന്നു എന്ന് പ്രഖ്യാപിക്കുക. ആ ബോധം അവനില്‍ ഉണര്തുകയാണ് വേണ്ടത്.. തമിഴന്‍ നമ്മുടെ സഹോദരന്‍ ആണ്. അല്ലാതെ ശത്രു അല്ല എന്ന് നമ്മള്‍ വിശ്വസിക്കുക, അവനില്‍ വിശ്വാസം ഉണര്‍ത്തുക. അല്ലാതെ നമ്മളും അപക്വമായ ഭാഷയില്‍ ഏറ്റുമുട്ടല്‍ നടത്തിയാല്‍, പ്രശനം കൂടുതല്‍ സന്കീര്‍ണമാവും. ഇവിടെ ഏറ്റുമുട്ടല്‍ അല്ല മാര്‍ഗം... സമന്വയം ആണ്.


ഇനി ഇത് എങ്ങിനെ അവനില്‍ എത്തിക്കാം?. ഇവിടെ നമ്മള്‍ ഒറ്റകെട്ടായി എല്ലാ തമിഴന്‍ പ്രതികരിക്കുന്ന എല്ലാ വേദികളിലും ഈ ആശയങ്ങള്‍ പക്വമായി, വിവേകപൂര്‍വ്വം, സ്നേഹത്തിന്റെ ഭാഷയില്‍ മുന്നോട്ടു വെക്കുക (അതെ തുടര്‍ന്ന് ഉണ്ടാകിയേക്കാവുന്ന അതിവൈകാരിക പ്രതികരണങ്ങള്‍ പൂര്‍ണമായും അവഗണിച്ചു കൊണ്ട്). തമിഴ് അറിയുന്ന സുഹൃത്തുക്കള്‍ അതിനു മുന്നോട്ടു വരിക... അത് കൂടാതെ ശബരി മലയില്‍ ഗുരുവായൂരില്‍ ഈ തീര്‍ഥാടന സീസണില്‍ എത്തുന്ന തമിഴരെ ബോധവല്‍ക്കരിക്കുക, തമിഴിലുള്ള ലഘു ലേഖകള്‍, അല്ലെങ്കില്‍ വീഡിയോ പ്രദര്‍ശനം, പോസ്റ്ററുകള്‍ എന്നിവ ഒട്ടും പ്രകപോനകരമാല്ലാതെ, സമചിത്തതയോടെ അവരിലെതിക്കുക. നമ്മളില്‍ ആവാവും വിധം വൈകാരികതയുടെ അഗ്നി ആളി കത്താതെ നോക്കുക. അതാണ്‌ നമ്മള്‍ ചെയ്യേണ്ടത്. സന്തോഷ് പണ്ടിട്ടും പ്രിതിവിരാജും കുറച്ചു നേരത്തേക്ക് റസ്റ്റ്‌ എടുക്കട്ടെ... നമുക്ക് മുന്നോട്ടു നീങ്ങാം.

അഭിപ്രായങ്ങളൊന്നുമില്ല: