ഞായറാഴ്‌ച, ഡിസംബർ 04, 2011

എന്തിനാണ് ഈ കൊലവെറിയോട് ഒരു കൊലവെറി?

ഈ വീഡിയോ ലോകം മുഴുവന്‍ ഏറ്റെടുത്തത് മുതല്‍ തുടങ്ങിയതാ... കുലപതികള്‍ക്ക് ഒരു ചൊരുക്ക്... നിരാശാ കാമുകനെ താടിയും വളര്‍ത്തി കടാപ്പുറത്ത്‌ പാടി നടക്കാന്‍ മാത്രമേ അവര്‍ അനുവദിക്കൂ. അവനു വേറൊരു രീതിയിലും പ്രതികരിക്കാന്‍ അവകാശം കൊടുത്തു കൂടാ. അസഹിഷ്ണുത പല രീതിയിലാണ് പുറത്തു വിടുന്നത്. അവര്‍ അതിന്റെ കാവ്യ ഗുണവും സംഗീത രീതികളും അളന്നു കീറി അറുത്തു മുറിച്ചു മാര്‍ക്കിടുന്നു...  അതിന്റെ സൃഷ്ടാക്കളില്‍ ഒരാള്‍ പോലും ഇത് ഒരു മഹത്തരമായ സംഗീത സൃഷ്ടിയാണ് എന്ന്  എവിടെയും അവകാശപെട്ടിടുള്ളതായി കേട്ടിട്ടില്ല.. പിന്നെന്താണ് പ്രശ്നം? ഇത്  ഇന്നത്തെ കാലഘട്ടത്തിന്റെ ശബ്ദങ്ങള്‍.... പ്രതിഫലനങ്ങള്‍ . അതിന്റെ പ്രതിനിധികളുടെ ആവിഷ്കരണം.. അത് ആ തലമുറയെ രസിപ്പിക്കുന്നു ... അവര്‍ ആഘോഷിക്കുന്നു.. ഇനി അടുത്ത തലമുറ... അവര്‍ക്കുമുണ്ടാവും അവരുടെ രീതികള്‍... ഇഷ്ടങ്ങള്‍  ആഘോഷങ്ങള്‍.. പ്രകടനങ്ങള്‍...  പ്രതികരണങ്ങള്‍..

ഇവിടെ പ്രശ്നം നമ്മള്‍ അടങ്ങുന്ന പഴുത്ത ഇലകളുടെ തലമുറ ആണ്.  നമ്മുടെ ഒക്കെ ലോകം കഴിഞ്ഞു, ഇത് അടുത്ത തലമുറയുടെയാ എന്ന് സമ്മതിച്ചു കൊടുക്കാന്‍ ഉള്ള മടി... നരച്ച മുടി, കാലഹരണപെട്ട പ്രമാണങ്ങള്‍, സങ്കല്പങ്ങള്‍, വിശ്വാസങ്ങള്‍ . അത് മുറുക്കി മാറോടടുക്കി പിടിച്ചിട്ടു ഇനി എന്ത് കാര്യം. നമുക്ക് വേണമെങ്കില്‍ അത് കാത്തു വെക്കാം... പക്ഷെ അങ്ങിനെയേ പുതു തലമുറയും ചിന്തിക്കാവൂ പ്രവര്‍ത്തിക്കാവൂ എന്ന് എന്തിനാണ് ഒരു നിഷ്കര്‍ഷ. ഇനി കളത്തില്‍ നിന്ന് കരക്ക്‌ കയറി അവരുടെ കളി മാറി നിന്ന് ആസ്വദിക്കുക... അല്ലെങ്കില്‍ കണ്ണും ചെവിയും പൊത്തി ഒരു മൂലക്കല്‍ സ്വസ്ഥമായി ചുരുണ്ട് കൂടുക. അവരുടെ അടുത്ത്  ജഡ്ജിയാവാന്‍ പോയി എന്തിനാ വെറുതെ നാണം കെടുന്നത്‌. "നോസ്ടാല്ജിയ" എന്നൊക്കെ പറഞ്ഞു വികാരം കൊണ്ടിട്ടു യാതൊരു കാര്യവുമില്ല. മനസ്സ് തുറന്നു വെച്ച് മാറ്റത്തെ മനസ്സിലാക്കുക.. ഉള്‍കൊള്ളാന്‍ ശ്രമിക്കുക. അവിടെ നല്ലത് ചീത്ത എന്നൊക്കെ വിധി പ്രസ്താവിക്കാനുള്ള അവകാശം ആരും ആര്‍ക്കും നല്‍കിയിട്ടില്ല. അതൊക്കെ അവരവരുടെ വിവേകത്തിനും ബുദ്ധിക്കും വിട്ടു കൊടുക്കുകയാണ് ഭേദം. നമുക്ക് ഇഷ്ടപ്പെടെണ്ടത് നമുക്ക് ഇഷ്ടപ്പെടാം... ഇല്ലെങ്കില്‍ വേണ്ട.


ഇനി മെല്ലെ തട്ടിന്‍ പുറത്തു നിന്നും  പഴയ സിഡികള്‍ പൊടി തട്ടി എടുത്തു ഹെഡ് ഫോണില്‍ കുറഞ്ഞ വോള്യത്തില്‍ വെച്ച്  നഷ്ട വസന്തത്തെ കുറിച്ച് വിലപിച്ചു പൊട്ടിക്കരഞ്ഞു കൊണ്ട്  മാനസമൈനയെ,  പ്രാണസഖിയെ.. മാണിക്യ വീണ മീട്ടി, കടാപ്പുറത്ത്‌ ചങ്ക് പൊട്ടി പാടി വിളിച്ചു നടക്കാം ... അവിടെ കൊലവെറി കൊട്ടി തിമിര്‍ക്കട്ടെ ... അത് കഴിഞ്ഞാല്‍ പിറകെ വരുന്നവര്‍ വേറെ എന്തെങ്കിലും കൊണ്ട് വരും ആഘോഷിക്കാന്‍. അപ്പോള്‍ നമ്മള്‍ ഉണ്ടെങ്കില്‍ അതും നമുക്ക് കാണാം ... അവരോടൊപ്പം കൂടണം എങ്കില്‍ അതും ആവാം..

PS: കുറച്ചു കൂടി നന്നായി മാര്‍കെറ്റ് ചെയ്തിരുന്നെങ്കില്‍ ഇന്തിനേക്കാള്‍ മുന്‍പ് ഇത്രയും വലിയ വിജയം മറ്റൊരു പാട്ടിനു കിട്ടുമായിരുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു... വിജയ്‌ ആന്റൊനിയുടെ "നാക്ക് മുക്ക്..."

അഭിപ്രായങ്ങളൊന്നുമില്ല: