ചൊവ്വാഴ്ച, ഡിസംബർ 13, 2011

എനിക്കിഷ്ടപ്പെട്ട അഞ്ചു സമീപകാല ഹിന്ദി ചിത്രങ്ങള്‍

കഴിഞ പത്തു വര്‍ഷങ്ങളില്‍ കണ്ടു വന്ന ഹിന്ദി ചിത്രങ്ങളില്‍ വ്യത്യസ്തത പുലര്‍ത്തുകയും, മനസ്സില്‍ ഇടം നേടുകയും ചെയ്യുന്ന അഞ്ചു ചിത്രങ്ങളെക്കുറിച്ചാണ് ഈ കുറിപ്പ്. ഇവയെല്ലാം മദ്ധ്യവര്‍ത്തി ചലച്ചിത്രങ്ങളുടെ പട്ടികയില്‍ പെടുന്ന സിനിമകള്‍ ആണെങ്കിലും ഒന്ന് പോലും (ഖോസലാ ഒഴികെയുള്ള)  സാമ്പത്തിക വിജയം നേടിയവയോ വലിയ പ്രേക്ഷകശ്രദ്ധ ആകര്‍ഷിക്കുകയോ ചെയ്തവ അല്ല. പക്ഷെ ഇവ ഓരോന്നും വളരെ  വ്യത്യസ്തമായ  പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുകയും, ആശയപരമായി സത്യസന്ധത പുലര്തുന്നവയും ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.



1. Blue Umbrella  - പ്രിയദര്‍ശന്റെ ദര്‍ഷീല്‍ ദാഫ്രി അഭിനയിച്ച "ബം ബം ബോലേ" എന്ന സിനിമ കണ്ടതിനു ശേഷമാണ് ഈ ചിത്രത്തെ ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയത്. പൊള്ളയായ നാട്യവും ഹൃദയത്തില്‍ സ്പര്‍ശിക്കുന്ന ആത്മാര്‍ഥതയോടെയുള്ള ആവിഷ്കാരവും തമ്മിലുള്ള മാറ്റങ്ങള്‍ നമുക്ക് വ്യക്തമായി മനസ്സിലാവുന്നത് അപ്പോളാണ്. നൂറു ശതമാനം ആശയപരമായ സത്യസന്ധത പുലര്‍ത്തുന്ന ഒരു നനുനനുത്ത സ്പര്‍ശം പോലെ ഉള്ള ഒരു ചിത്രം അതാണ്‌ Blue Umbrella...ഹിമാചലിലെ മഞ്ഞുറഞ്ഞ് കിടക്കുന്ന ഒരു ഗ്രാമം പശ്ചാത്തലമായി റസ്കിന്‍ ബോണ്ടിന്റെ മനോഹരമായ ഒരു ചെറുകഥയുടെ അതി മനോഹരമായ ചലച്ചിത്ര രൂപം. ഒരു സംഗീത സംവിധായകന്‍ എന്ന നിലക്ക് ഞാന്‍ വളരെ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിശാല്‍ ഭരദ്വാജ് ലാളിത്യം ഒട്ടും ചോര്‍ന്നു പോകാതെ ചിത്രീകരിച്ചിരിക്കുന്നു... ഒരു ചെറു പുഞ്ചിരി ചുണ്ടില്‍ അവശേഷിപ്പിക്കുന്ന ഒരു കൊച്ചു കവിത പോലെ. ഒരു ഇളം കാറ്റ് പോലെ ഒരു സിനിമാനുഭവം. പങ്കജ് കപൂര്‍ മുതല്‍ ആ കൊച്ചു മിടുക്കി ശ്രേയാ ശര്‍മ വരെ തങ്ങളുടെ ഭാഗങ്ങള്‍ ഭംഗിയായി അവതരിപ്പിച്ച ഒരു കൊച്ചു ചിത്രം. നന്മ എന്ന ഭാവത്തിന്റെ ഏറ്റവും നിഷ്കളങ്കമായ ആവിഷ്കാരം. മധുരതരമായ സംഗീതം, നയനാഭാമായ ദ്രിശ്യ ചാരുത... പൊതുവേ കേട്ടിക്കാഴ്ചകളുടെ ആഘോഷങ്ങളായ ഹിന്ദി സിനിമകളുടെ ഇടയില്‍ വേറിട്ട്‌ നിന്നു. അതിനു ശേഷം വന്ന കമീനയിലോ, ഒംകാരയിലോ, സാത്ത് ഖൂന്‍ മാഫിലോ, ഈ കൊച്ചു ചിത്രത്തിന്റെ കാല്പാടുകള്‍ അദ്ദേഹം തുടര്നില്ല എന്നതും ശ്രദ്ധേയമായി.



2. Black Friday - അനുരാഗ് കാശ്യപ് എന്ന സംവിധായകനെ ആരാധിക്കാന്‍ തുടങ്ങിയത് ഈ സിനിമ കണ്ടതോടെയാണ്. ഇന്ത്യാ ചരിത്രത്തിലെ ഒരു കറുത്ത അദ്ധ്യായമായ മുംബൈ സ്ഫോടനം ഒരു പക്ഷവും പിടിക്കാതെ യഥാതഥമായി ആവിഷ്കരിക്കുക എന്ന അസാമാന്യ ദൌത്യം വളരെ കൈയ്യടക്കതോടെയും അതിന്റെ സിനെമാടിക് മൂല്യങ്ങള്‍ ഒട്ടും ചോര്‍ന്നു പോവാതെയും അദ്ദേഹം നിര്‍വഹിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാവുന്നതാണ്. ഒരു പക്ഷെ പാളിപ്പോവാവുന്ന ഒരു കഥാതന്തു, വികാരത്തെ മാറ്റി വെച്ച് കൊണ്ട് സമീപിച്ചതിന്റെ പരിണിത ഫലമാണ് ഈ ചിത്രം. ദ്രിശ്യപരമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ബ്ലാക്ക്‌ ഫ്രൈഡേ, ഒരു പറ്റം അഭിനേതാക്കളുടെ അതീവ സൂക്ഷ്മതയാര്‍ന്ന പ്രകടനം കൊണ്ട് സമ്പുഷ്ടം. ഒരു ചലച്ചിത്രകാരന്റെ സൂക്ഷ്മത, ആ കാലഘട്ടത്തിന്റെ കുറ്റമറ്റ പുന:സൃഷ്ടിയില്‍ വ്യക്തമാണ്. അത് കൂടാതെ എടുത്തു പറയേണ്ട ഒരു കാര്യം പോലീസിന്റെ അന്വേഷണം ഘട്ടം ഘട്ടമായി ഒട്ടും അതിഭാവുകത്വം കൂടാതെ അതിന്റെ എല്ലാ സ്വാഭാവികതയോടെയും ആണ് അനുരാഗ് പകര്‍ത്തിയിരിക്കുന്നത്. ഒരു ഡോകുമെന്ററി ആയി വഴി തിരിച്ചു പോവുമായിരുന്ന പ്രമേയം പിരിമുറുക്കം ഒട്ടും ചോരാതെ കോര്‍ത്തെടുത്തത് ഒരു ബുദ്ധിയുള്ള തിരക്കഥാകൃത്തിന്റെ കൈയ്യടക്കംനമുക്ക് വ്യക്തമാക്കി തരുന്നു. പില്‍ക്കാലത്തും ഗുലാല്‍, ദേവ് ഡി, നോ സ്മോകിംഗ് തുടങ്ങിയ ഒന്നിനൊന്നു വ്യത്യസ്തമായ പ്രമേയങ്ങളുടെ ആവിഷ്കാരങ്ങളിലൂടെ അദ്ദേഹം തന്റെ കഴിവിന് അടിവര ഇട്ടു കൊണ്ടിരിക്കുന്നു.



3. Hazaaron Kwaahishen Aisi: മൂന്നു കഥാപാത്രങ്ങളുടെ രണ്ടു കാലഘട്ടങ്ങളിലൂടെയുള്ള യാത്ര, അവരുടെ ബന്ധങ്ങളുടെ സമവാക്യങ്ങളില്‍, കാഴ്ചപ്പാടുകളില്‍ വന്നു ചേരുന്ന വ്യതിയാനങ്ങള്‍...പ്രക്ഷുബ്ദമായ ഒരു കാമ്പസ് കാലഘട്ടം, യൌവനം, ആദര്‍ശവും പ്രായോഗിക ജീവിതവീക്ഷണവും തമ്മിലുള്ള സംഘര്‍ഷം, കാലം തീര്‍ക്കുന്ന മായ്ക്കുന്ന മുറിവുകള്‍, നല്‍കുന്ന തിരിച്ചറിവുകള്‍...അതിന്റെ തനിമയും സൌന്ദര്യവും ഒട്ടും ചോരാതെ നമുക്ക് സുധീര്‍ മിശ്ര പകര്‍ന്നു തരുന്നു. ഷൈനി അഹൂജ, കെയ് കെയ് മേനോന്‍, ചിത്രാംഗധ സിംഗ്... ആ ചിത്രം കാണുന്നതിനു മുന്‍പ് ഒട്ടും പരിചിതരല്ലാതിരുന്ന ഒരു കൂട്ടം അഭിനേതാക്കള്‍..അവരുടെ വളരെ സ്വാഭാവികമായ അഭിനയ ശൈലി പുറത്തെടുക്കാന്‍ ശ്രീ സുധീര്‍ മിശ്ര ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയവും കണ്ടെത്തിയിട്ടുണ്ട്. ഇസ് രാത് കി സുബഹ് നഹി, ധാരാവി എന്ന രണ്ടു ചിത്രങ്ങള്‍ മുന്‍പ് കണ്ട പ്രതീക്ഷ ഉണ്ടായിരുന്നു സംവിധായകനില്‍... അതിനോട് അദ്ദേഹം പരിപൂര്‍ണമായി നീതി പുലര്‍ത്തി. പക്ഷ അതിനു ശേഷം കണ്ട ഖോയ ഖോയ ചാന്ദ് വല്ലാതെ നിരാശപ്പെടുത്തുകയും ചെയ്തു.



4. Manorama 6 Feet Under: കുറച്ചു കാലമായി  ഹിന്ദിയില്‍ നല്ല സിനിമ തിരിച്ചറിയാന്‍ ഞാന്‍ അവലംബിക്കുന്ന ഒരു മാര്‍ഗമുണ്ട്. അഭയ് ദീയോള്‍ എന്ന നടന്‍ ആ സിനിമയില്‍  അഭിനയിച്ചിട്ടുണ്ടോ എന്ന് നോക്കുക. അത്രയ്ക്കും എന്നെ അതിശയിപ്പിചിരിക്കുന്നു അദ്ദേഹം അഭിനയിക്കാന്‍ തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വൈവിധ്യം. ഏക്‌ ചാലിസ് കി ലോക്കല്‍ ട്രെയിന്‍, ഹണിമൂണ്‍ ട്രാവെല്‍സ്, ദേവ് ഡി, സോച്ച ന ഥാ, ഒയെ ലക്കി ലക്കി ഒയെ... അങ്ങിനെ ഒന്നിനൊന്നു വേറിട്ട സിനിമകള്‍. മനോരമ സിക്സ് ഫീറ്റ്‌ അണ്ടര്‍ എന്ന സിനിമയും അദ്ദേഹം അഭിനയിക്കുന്നത് കൊണ്ട് മാത്രമാണ് ഞാന്‍ കാണാനിരുന്നത്.  രാജസ്ഥാനിലെ ഒരു ചെറു പട്ടണത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വ്യത്യസ്തമായി ഒരുക്കി തീര്‍ത്ത ചലച്ചിത്രമാണ് മനോരമ... പതിവ് ഹിന്ദി സിനിമകളില്‍ നിന്നും പ്രമേയത്തിലും ക്രാഫ്റ്റിലും ഒരു പാട് കാതങ്ങള്‍ അകലെ ആണ് ഈ ചിത്രം. ഒട്ടും പളപളപ്പും ധാരാളിത്തവും ഇല്ലാതെ മണ്ണിന്റെ നിറവും മണവും ഒട്ടും ചോര്‍ന്നു പോവാതെ സ്വാംശീകരിച്ച ചലച്ചിത്ര ആവിഷ്കാരം.  നവദീപ് സിംഗ് എന്ന സംവിധായകന്റെ കന്നി ചിത്രമാണ് എന്ന് തോന്നുന്നു. പക്ഷെ അദ്ദേഹം ചെറു പട്ടണത്തിന്റെ ആത്മാവ് ഒട്ടും ചോര്‍ന്നു പോവാതെ സിനിമയില്‍ അലിയിച്ചു ചേര്‍ത്തിരിക്കുന്നു. വിനയ് പാടക് എന്ന നടന്റെ പ്രകടനം ആണ് എടുത്തു പറയേണ്ട ഒന്ന്.. അത് പോലെ തന്നെ വളരെ കാലത്തിനു ശേഷം സരിക അവതരിപ്പിച്ച ഒരു കഥാപാത്രവും. പിന്നെ അടിവര ഇട്ടു പറയേണ്ടത് ചിത്രത്തിന്റെ ക്ലൈമാക്സ് കൈകാര്യം ചെയ്തതില്‍ കാണിച്ച ആസാമാന്യമായ വിവേകം... ഒരു മാസ്റെര്‍ സ്ട്രോക്ക് എന്ന് പറയാവുന്ന ഒരു പൊയന്റില്‍ ആണ് അദ്ദേഹം പറഞ്ഞു അവസാനിപ്പിക്കുന്നത്.. ഒരു അമാനുഷ കഥാപാത്രവും ഇല്ല എന്നതും മറ്റൊരു പ്രത്യേകത ആണ്.



5. Khosla ka Khosla: വീണ്ടും ഒരു മധ്യ വര്‍ഗ സിനിമ.. പക്ഷെ കൈകാര്യം ചെയ്ത പ്രമേയത്തിന്റെ കാലിക പ്രസക്തി, തനിമ, ലാളിത്യം, ബൌദ്ധീകമായ ഔന്നത്യം... ഇവയൊക്കെ കൊണ്ട് എടുത്തു നില്‍ക്കുന്ന ഒരു സിനിമയാണ് ഖോസല ക ഖോസല. റിയല്‍ എസ്റ്റേറ്റ്‌ സ്രാവുകളുടെ പിടിയില്‍ പെട്ട് അന്യാധീനപെട്ടു പോയ തന്റെ തുണ്ട് ഭൂമി തിരികെ നേടാന്‍ ഒരു ഇടത്തട്ടുകാരന്‍ പ്രയോഗിക്കുന്ന ഒരു ചെറിയ തന്ത്രത്തിന്റെ നര്‍മത്തില്‍ കുതിര്‍ന്ന അവതരണം... ഇവിടെയും സംവിധായകന്‍ തന്റെ ഋജുവായ ആഖ്യാന രീതിയിലൂടെ പ്രേക്ഷകനെ ഒട്ടും മുഷിയാതെ എന്ന് മാത്രമല്ല വളരെ രസിപ്പിക്കുന്ന രീതിയില്‍ പിടിച്ചു നിര്‍ത്തിയിട്ടുണ്ട്. അനുപം ഖേര്‍ മുതല്‍ ബോമന്‍ ഇറാനി വരെ കഴിവുറ്റ ഒരു പറ്റം അഭിനേതാക്കളുടെ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. എടുത്തു പറയത്തക്ക മറ്റൊരു കാര്യം, നവീന്‍ നിശ്ചല്‍ എന്ന നടന്‍ വളരെ കാലങ്ങള്‍ക്ക് ശേഷം കൈകാര്യം ചെയ്ത ഒരു ശ്രദ്ധേയമായ വേഷവും. വളരെ തിരിച്ചടികള്‍ നേരിടുന്ന സന്ദര്‍ഭത്തിലും തന്റെ മൂല്യങ്ങള്‍ വിട്ടു കളിക്കാന്‍ തയ്യാറാകാത്ത കഥാപാത്രമായി അനുപം ഖേര്‍ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുക ആയിരുന്നു.

ഈ പട്ടികയില്‍ ഉള്‍പെടുത്താത്ത, ഒഴിവാക്കപെട്ട എന്നാലും എനിക്ക് ഇഷ്ടപ്പെട്ട ഒരു പിടി ചിത്രങ്ങള്‍ കൂടിയുണ്ട് - എ വെനെസ്ഡേ, ആമീര്‍ (ഒഴിവാക്കിയത് ഇവ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയതോടുള്ള വിയോജിപ്പ്), ലൈഫ് ഇന്‍ മെട്രോ, ഭേജ ഫ്രൈ (മൌലീകതയുടെ അഭാവം).. ഹാസില്‍, വൈയ്സ ഭി ഹോത്ത ഹേ പാര്‍ട്ട്‌ ടൂ , സെഹര്‍ തുടങ്ങിയ ചില ചിത്രങ്ങള്‍ ...  കൂടാതെ ഈ കുറിപ്പില്‍ തിരഞ്ഞെടുത്ത ചിത്രങ്ങളെ പറ്റി പറയുമ്പോള്‍ പരാമര്‍ശിച്ചിട്ടുള്ള മറ്റൊരുപിടി ചിത്രങ്ങളും .(സുധീര്‍ മിശ്ര, അഭയ് ഡിയോള്‍, അനുരാഗ് കശ്യപ് തുടങ്ങിയവരുടെ ...).അവയെല്ലാം ഓരോരോ കാരണങ്ങള്‍ കൊണ്ട് ഇഷ്ടപ്പെട്ടവ ആണ്.  പക്ഷെ കഴിഞ രണ്ടു കൊല്ലമായി അധികം ഹിന്ദി സിനിമകള്‍ കാണാതിരുന്നത് കൊണ്ട് വിട്ടു കളഞ്ഞ ചില ചിത്രങ്ങളും ഉണ്ടാവും...


അഭിപ്രായങ്ങളൊന്നുമില്ല: