ഞായറാഴ്‌ച, ഡിസംബർ 04, 2011

ഇവിടെ ആരാണ് നമ്മളെ ചതിക്കുന്നത്?

വികാരം തിളച്ചു മറിഞ്ഞു വിവേകത്തെ മൂടി വെക്കുമ്പോള്‍ നമ്മള്‍ ഒന്ന് ആലോചിക്കേണ്ട കാര്യം തന്നെയാണ്. പല രീതിയില്‍ വ്യാഖ്യാനിച്ചു എ ജി യെ ഒരു ഒന്നാം കിട ഒറ്റുകാരനായി ചാപ്പ കുത്തി കല്ലെറിഞ്ഞു കുരിശില്‍ ഏറ്റുമ്പോള്‍ നമ്മള്‍ അതിന്റെ  ചിന്തിക്കേണ്ട പല സുപ്രധാന വശങ്ങളും പൂര്‍ണമായും ത്രിണവല്ഗനിക്കുന്നു. കോടതി അദ്ദേഹത്തോട് ചോദിച്ച ചോദ്യം എന്താണ്? ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇതല്ലെങ്കില്‍ എങ്ങിനെയാണ് ഉത്തരം നല്‍കേണ്ടത്?   ഇതൊക്കെ നമ്മള്‍ ഒന്ന് ചിന്തിച്ചിട്ടുണ്ടോ? കോടതി അദ്ദേഹത്തോട് ചോദിച്ചത് അഥവാ ഈ ഡാം തകരാനുണ്ടായാല്‍ ഉള്ള സ്ഥിതി വിശേഷത്തില്‍ മറ്റു ഡാമുകള്‍ - ഇടുക്കി, കുളമാവ് എന്നിവ ഒഴുകി എത്തുന്ന അധിക ജലം താങ്ങി നിര്‍ത്താന്‍ മാത്രം ഉറപ്പുള്ളതാണോ എന്ന്... ഇവിടെ രണ്ടു കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കണം.. അദ്ദേഹത്തിനു കോടതിക്ക് മുന്നില്‍ അസത്യങ്ങള്‍ പറയാന്‍ കഴിയില്ല... അത് പോലെ തന്നെ അദ്ദേഹം പറയുന്നത് സര്‍ക്കാര്‍ നിലപാടുകള്‍ ആണ് എന്നതും.  ഇടുക്കിയിലെ വെള്ളം തുറന്നു വിട്ടു ഒരുക്കി വെച്ചാല്‍ അതിനു ഒഴുകി വരുന്ന അധിക ജലം താങ്ങാന്‍ ഉള്ള കഴിവുണ്ട് എന്നത് സത്യമല്ലേ. ഇനി അഥവാ ജലനിരപ്പ്‌ താഴ്ത്തിയിട്ടും ഇടുക്കിക്ക് താങ്ങാന്‍ കഴിയില്ല എന്ന് അദ്ദേഹം പറയുകയാണെങ്കില്‍ സ്വാഭാവികമായും അടുത്ത ചോദ്യം ഇടുക്കി ഡാമിന്റെ സുരക്ഷയെപറ്റിയായിരിക്കും. നമ്മുടെ കൈയ്യില്‍ എല്ലാവിധ നിയന്ത്രണവുമുള്ള ഇടുക്കിയുടെ സുരക്ഷയില്‍ നമുക്ക് എന്ത് കൊണ്ട് ആശങ്കയില്ല എന്നതും സ്വാഭാവികമായ ഒരു തുടര്‍ചോദ്യം ആയിരിക്കും. അത് കൊണ്ട് ഉത്തരങ്ങള്‍ ഒരു ഒഴുക്കന്‍ മട്ടില്‍ പറഞ്ഞു തീര്‍ക്കാന്‍ അത്ര എളുപ്പമല്ല.

പക്ഷെ അവിടെ ഇടുക്കി ഡാം, മുല്ലപെരിയാറിന്റെ തകര്‍ച്ച താങ്ങാന്‍ ഒരുക്കി നിര്‍ത്തുക എന്നത് എത്രമാത്രം ഒരു പരിഹാരം ആയി കാണാന്‍ കഴിയും എന്ന് ഉന്നയിക്കാന്‍ നമുക്ക് കഴിയും... അവിടെയാണ് ശരിയായ രീതിയില്‍ വാദിച്ചു എടുക്കേണ്ടത്... അധികമായ വെള്ളം ഒഴുകി വരുന്നത് താങ്ങാനുള്ള ബാക്ക് അപ്പ്‌ ഡാം അല്ല ഇടുക്കി എന്നത് ഒരു വസ്തുത.. അത് കൊണ്ട് ഇടുക്കി ഡാമില്‍ നിന്ന് വെള്ളം തുറന്നു വിട്ടു അതിനെ ഒരുക്കി നിര്‍ത്തുമ്പോള്‍, ഇടുക്കി ഡാമിന്റെ ഉപയോഗം (വൈദ്യുതി ഉത്പാദനം ) നമ്മള്‍ കുരുതി കൊടുക്കുകയാണ്.. അത് ഒരു താല്‍ക്കാലിക നടപടി മാത്രമാണ്.. തകര്‍ച്ചയുടെ ആഘാതത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ എടുക്കുന്ന ഒരു താല്‍ക്കാലിക നടപടി.. അത് ഒരിക്കലും പ്രശ്ന പരിഹാരം ആയി വ്യാഖ്യാനിക്കാന്‍ പറ്റില്ല. അത് പോലെ തന്നെ മുല്ലപെരിയാരിനും മറ്റു ഡാമുകള്‍ക്കും ഇടയിലുള്ള ജനവാസസ്ഥാനങ്ങള്‍ ... അവയെ അവഗണിക്കുന്നത്... അത് പലരും പ്രകടിപ്പിച്ച ഒരു ആശങ്ക ആണ്.. ഈ രണ്ടു വാദങ്ങളും ഫലപ്രദമായി ഉന്നയിക്കാന്‍ സാധിച്ചാല്‍ ഇനിയും നമ്മള്‍ക്ക് ആശക്ക്‌ വകയുണ്ട്. ഇനി രണ്ടാമത്തെ കാര്യം, എ ജി പറഞ്ഞത് സര്‍ക്കാര്‍ നിലപാട് അല്ല എന്ന വാദം... അത് ഗൌരവമായി പരിഗണിക്കേണ്ട ഒന്ന് തന്നെയാണ്.. അവിടെ സത്യം മനസ്സിലാക്കുവാനും യുക്തമായ നടപടി എടുക്കാനും സര്‍ക്കാരിനു അവകാശവും കര്‍ത്തവ്യവും ഉണ്ട്.

അതിനിടക്ക് ഈക്കാര്യമെല്ലാം എ ജിയുടെ തലയില്‍ കെട്ടി വെച്ച് തങ്ങളുടെ കടമകളില്‍ നിന്നും ഒളിച്ചോടാന്‍ രാഷ്ട്രീയ നേതൃത്വം ശ്രമിക്കുന്നതായി ശങ്ക തോന്നുന്ന രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്‌.. അത്തരത്തില്‍ ഒരു വ്യാപക പ്രചരണം മാധ്യമങ്ങളും ഏറ്റെടുക്കുന്നു. അദ്ദേഹം കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തു പരിശോധിച്ച് യുക്തിപൂര്‍വ്വം പ്രവര്‍ത്തിക്കാതെ കൈ കഴുകി മാറാന്‍ ശ്രമിക്കുന്നതാണ് വലിയ ചതി.. അത് പോലെ തന്നെ സമരം എന്ന് പറഞ്ഞു ആഭാസകരമായ രീതിയില്‍ പ്രതിയോഗികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യുകയും മുതലെടുക്കുകയും ചെയ്യാവുന്ന രീതിയില്‍ അതി വൈകാരിക പ്രകടനങ്ങള്‍ നടത്തുന്നതും മറ്റൊരു കൊടും ചതിയാണ്.. അത് പ്രതിക്കൂട്ടിലേക്ക് നമ്മളെ തള്ളി നീക്കാനെ കാരണം ആവൂ എന്ന് മനസ്സിലാക്കിയാല്‍ നന്ന്.... ഇവിടെ നമുക്ക് വേണ്ടത് നടപടിയാണ്.. അതിനെ മുന്‍നിര്‍ത്തി വിവേക പൂര്‍വ്വം രാഷ്ട്രീയ നേതൃത്വം ചുവടുകള്‍ വെച്ചില്ലെങ്കില്‍ കൂടുതല്‍ അപകടകരമായ സ്ഥിതിയിലേക്ക് ... നിയമത്തിനു പോലും രക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് ഈ പ്രശ്നത്തെ കൊണ്ടെത്തിക്കുകും. ദേശീയ മാധ്യമങ്ങള്‍ വഴി തമിഴ്നാട് ചരട് വലിക്കുന്നതും ആ രീതിയില്‍ ആണ് ... മലയാളികള്‍ അക്രമാസക്തരാവുന്നു എന്ന ധ്വനി വളരെ വ്യക്തമായിരുന്നു അത്തരം റിപ്പോര്‍ട്ടുകളില്‍.. അത് പൊതുജനാഭിപ്രായം നമുക്കെതിരാകുവാന്‍ കാരണം ആയേക്കാം ... അതാണ്‌ വന്‍ ചതി ... അക്ഷന്തവ്യമായ അപരാധം....


PS: ഈ രീതിയില്‍ വാദം നീങ്ങുന്നതില്‍ ഒരു അനുകൂല വശം ഉണ്ട്... അതായത് ഡാം തകര്‍ന്നാല്‍ ചെയ്യേണ്ട നടപടികള്‍ എന്ന ലൈനില്‍ വാദം നീങ്ങുന്നത്‌, ഡാം തകരും എന്ന സാധ്യത ഗൌരവതരവും സാധ്യമായതും ആണ് എന്നതിനെ അംഗീകരിക്കുന്ന മട്ടിലുള്ളതാണ്. അവിടെ നമുക്ക് ഒരു പിടി പിടിക്കാനുള്ള വഴി കാണാവുന്നതാണ്. ആ വാദം തമിഴ്നാട് എടുത്തു കളിച്ചാല്‍, അവര്‍ പരോക്ഷമായി ആ സാധ്യത അംഗീകരിക്കുന്നു എന്ന് നമ്മള്‍ വാദിക്കണം. അത്കൊണ്ട് ഡാം തകരില്ല എന്ന് അവര്‍ ഇത് വരെ ഉറപ്പിച്ചു പറഞ്ഞു പോരുന്നതിനെ അത് പൊളിക്കില്ലേ?

അഭിപ്രായങ്ങളൊന്നുമില്ല: