ചൊവ്വാഴ്ച, ഡിസംബർ 20, 2011

മുല്ലപ്പെരിയാറില്‍ മീന്‍ പിടിക്കാന്‍ ഇറങ്ങുമ്പോള്‍

മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ ജനവികാരം മുതലെടുക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ പലയിടങ്ങളില്‍ തെളിവായി കാണുന്നു എന്ന തോന്നലില്‍ നിന്നാണ് ഈ കുറിപ്പ്ഈ പ്രശ്നം രൂക്ഷമായി തുടരവേ പല മാധ്യമങ്ങളിലും അതിനെക്കുറിച്ച് മൌനം അവലംബിക്കുന്ന  സെലെബ്രിട്ടികളെയും ബിസ്സിനെസ്സ്കാരെയും, തമിഴ്നാടിനു അനുകൂലമായി പ്രസ്താവനകള്‍ ഇറക്കുന്ന തമിഴ്നാട് മലയാളികളെയും വിമര്‍ശിച്ചും അവരോടു രോഷം കൊണ്ടും ഉള്ള അഭിപ്രായങ്ങളും ആക്ഷേപങ്ങളും നിറയുകയാണ്.  ഈ പറയുന്നവര്‍ക്കാര്‍ക്കും ഈ വിഷയത്തില്‍, നഷ്ടപ്പെടാന്‍ ഒന്നും ഇല്ല എന്നതാണ് സത്യം. ചെന്നയിലും തിരുപ്പൂരും കൊവയിലും സേലത്തും ഒക്കെ തലമുറകളായി പണി എടുത്തു സമ്പാദിച്ചു കൂട്ടിയ ജീവനും, സ്വത്തും, മുതല്‍ മുടക്കും കയ്യാലപ്പുറത്തെ തേങ്ങ പോലെ കിടക്കുന്ന ഈ വിഷയത്തില് എടുത്തു ചാടി  നിലപാടെടുത്തു കോഴിക്കിട്ടു കൊടുക്കുവാന്‍ സാമാന്യ ബുദ്ധിയുള്ള ഒരുത്തനെങ്കിലും ശ്രമിക്കുമോ?

സ്വീകരണ മുറിയില്‍ ഇരുന്നു അഭിപ്രായം പറയുന്ന നമ്മള്‍ അവരെയും അവരുടെ പ്രശ്നവും മനസ്സിലാക്കണം.. വീണ്ടു വിചാരം ഇല്ലാതെ എടുത്തു ചാടുന്ന ഒരു ആള്‍ക്കൂട്ടത്തിന്റെ മുമ്പിലേക്ക് തങ്ങളുടെ ആയുഷ്കാല സമ്പാദ്യവും ഉറ്റവരുടെയും ഉടയവുടെയും ജീവനും പണയപ്പെടുത്താന്‍ അവര്‍ മുതിരാതത്തിനു അവരെ പഴി പറഞ്ഞിട്ട് എന്താണ് കാര്യം. അവരുടെ വയറ്റുപിഴപ്പാണ് തമിഴ്നാടിനു പിന്തുണ പ്രഖ്യാപിക്കുന്ന ഫ്ലെക്സ് ബോര്‍ഡ്‌ ആയും പ്രസ്താവന ആയും മറ്റും രൂപാന്തരപെടുന്നത്.  ഇത്തരം വൈകാരികമാനങ്ങളുള്ള പ്രശ്ങ്ങളും, അതില്‍ പ്രതിഷേധിച്ചിറങ്ങുന്ന  ആള്‍ക്കൂട്ടം നല്‍കുന്ന മറവും ആണ് പലപ്പോഴും പല വിവരദോഷികള്‍ക്ക് തങ്ങളുടെ ഉള്ളിലുള്ള മൃഗത്തെ കയറൂരി അഴിച്ചു വിടാന്‍ അവസരം നല്‍കുന്നത്. റോട്ടില്‍ ഒരു പണിയും ഇല്ലാതെ തേരാ പേര നടക്കുന്ന പലര്‍ക്കും അദ്ധ്വാനിച്ചു സമ്പാദിച്ചു നല്ല നിലക്ക് ജീവിച്ചു പോരുന്ന മറുനാട്ടുകാര്‍ എപ്പോഴും കണ്ണിലെ കരടാണ്, അവന്റെ ഉള്ളില്‍ അമര്‍ത്തി വെച്ചിരുന്ന അസൂയയും വെറുപ്പും പുറത്തെടുത്തു തീര്‍ക്കാനാണ് വല്ലപോളും ഇത്തരത്തിലുള്ള വിഷയങ്ങള്‍ വീണു കിട്ടുന്നത് അവന്‍ ഉപയോഗിക്കുന്നത്.  ആ അവസരങ്ങളില്‍ അവര്‍ക്ക് എറിയാന്‍ കല്ലും ഉരക്കാന്‍ തീപ്പെട്ടി കൊള്ളിയും എന്തിനു കൊടുക്കണം. വര്‍ഷങ്ങള്‍ക്കു മുമ്പ് കന്നഡ നടന്‍ രാജ്കുമാറിനെ വീരപ്പന്‍ തട്ടി കൊണ്ട് പോയ സമയത്ത്, ബാംഗളൂരില്‍ ഉള്ള കടുത്ത രജനീകാന്ത് ഫാന്‍സ്‌ ആയ തമിഴന്മാര്‍ ഒന്നടങ്കം  തങ്ങളുടെ കെട്ടിടങ്ങളുടെ ചില്ലില്‍ രാജ്കുമാറിന്റെ ചിത്രം ഒട്ടിച്ചതു ആരും മറക്കരുത്. അവര്‍ ഒന്നും രജനികാന്തിനെ വിട്ടു രാജ് കുമാറിന്റെ ഫാന്‍സ്‌ ആയതല്ല.. പേടിച്ചിട്ടായിരുന്നെന്നു നമുക്കെല്ലാം അറിയാം.  അത് തന്നെയാണ് ഇവിടെയും കാര്യം.

അത് പോലെ തന്നെ  എന്ത് കൊണ്ട് പലരും ജോലി തേടി ചെന്നയില്‍ പോവുന്നു എന്നതും വ്യവസായവും മുതല്‍ മുടക്കും തമിഴ്നാട്ടില്‍ നടത്തുന്നു എന്നതും  നമുക്ക് വ്യക്തമായി അറിയാവുന്നതാണ്.. അവര്‍ക്കാര്‍ക്കും തമിഴ് മണ്ണിനോടും, തമിഴ് കലാചാരത്തോടും, സാമ്പാര്‍ സാധതോടും, കൂവത്തിലെ നാറുന്ന വെള്ളത്തിനോടും, കത്തി കാളുന്ന കത്തിരി ചൂടിനോടും പ്രേമം കയറി മൂത്തിട്ടല്ല .. ഇവിടെ മുതല്‍ മുടക്കാനുള്ള സാഹചര്യവും പിന്തുണയും ഇല്ലാത്തതു ഒന്ന് കൊണ്ട് മാത്രമാണ്... അടിമാലിയില്‍ നിന്ന് കമ്പത്തെക്കും കളമശ്ശേരിയില്‍ നിന്നും സിപ്കൊട്ടിലെക്കും തങ്ങളുടെ കച്ചവടങ്ങള്‍ പറിച്ചു നടുന്നത്.  അവിടെ ഇന്നേവരെ ഒന്നും ക്രിയാത്മകമായി ചെയ്യാത്ത നമ്മള്‍ ഇപ്പോള്‍ അവരെ വിമര്‍ശിച്ചിട്ടു കാര്യമില്ല.

അതിവൈകാരികതയേക്കാള്‍,  പ്രായോഗികമായ പരിഹാരങ്ങള്‍ക്ക് ആണ് ശ്രമിക്കേണ്ടത്. അത് കൊണ്ട് അവര്‍ ഈ പ്രശ്നത്തില്‍ കേരളത്തെ പിന്തുണച്ചില്ല അല്ലെങ്കില്‍ തമിഴ്നാടിനു പിന്തുണ നല്‍കി നന്ദികേട്‌ കാട്ടുന്നു, എന്നൊക്കെ പറഞ്ഞു അവര്‍ക്ക് നേരെ വാളോങ്ങുന്നതിന്നു മുമ്പ്  അവര്‍ക്കൊക്കെ നമ്മളെ പിന്തുണക്കാന്‍ ആവശ്യമായ സുരക്ഷിതത്വവും സാഹചര്യവും നമ്മുടെ നാട്ടില്‍ സൃഷ്ടിക്കുക..എന്നിട്ട് കൂറ് കാണിക്കാന്‍ ആവശ്യപ്പെടുക. അത്കൊണ്ട് തമിഴനെ നമ്പി ജീവിക്കുന്ന, തമിഴ്നാട്ടില്‍ മുതല്‍ മുടക്കിയിട്ടുള്ള നമ്മുടെ സെലെബ്രിട്ടികളെയും ബിസ്സിനെസ്സ്കാരെയും വെറുതെ വിട്ടേക്കുക. അവര്‍ക്കിഷ്ടമില്ലാത്തത് കൊണ്ടോ നമ്മളോട് എതിര്‍പ്പുള്ളത്‌ കൊണ്ടോ അല്ല ഈ വിഷയത്തില്‍ ഇടപെടാത്തതും പരസ്യമായി പ്രസ്താവനകള്‍ ഇറക്കാത്തതും എന്ന് മനസ്സിലാക്കുക.

PS: പ്രതികരിക്കാതിരുന്നത് നിലനില്‍പ്പിന്റെ ഭാഗമായിട്ടുള്ള കാര്യമാണെന്ന് വിശ്വസിച്ചാണ് ഈ കുറിപ്പെഴുതിയത്... പക്ഷെ നമ്മുടെ മെഗാ സ്റാര്‍ പക്ഷെ വെറും ഒരു "ചതിയന്‍ ചന്തു" മാത്രമല്ല ഒരു "ചാന്തുപൊട്ട് "കൂടിയാണ് എന്ന് തെളിയിച്ചു... അമ്മയ്ക്ക് രക്തപുഷ്പങ്ങളുടെ ബൊക്കയും കൊടുത്തു മലക്കെ ചിരിച്ചു മോന്റെ നിക്കാഹിനു ക്ഷണിച്ചു കൊണ്ട്..

അഭിപ്രായങ്ങളൊന്നുമില്ല: