ശനിയാഴ്‌ച, ഡിസംബർ 31, 2011

പച്ചാളം ഭാസിയുടെ ബോളിവുഡ് ശിഷ്യന്‍


നവരസങ്ങളെ കൂടാതെ താന്‍ വികസിപ്പിച്ചെടുത്ത രണ്ടു പുതിയ രസങ്ങള്‍ കൂടി തന്റെ ശിഷ്യന്മാര്‍ക്ക് പഠിപ്പിച്ചു കൊടുത്ത ഒരു  അസാമാന്യ പ്രതിഭയാണല്ലോ  ശ്രീമാന്‍ പച്ചാളം ഭാസി. ആ രണ്ടു രസങ്ങള്‍ ഉപയോഗിച്ച് കൊണ്ടാണല്ലോ രാജപ്പന്‍ തെങ്ങിന്മൂട് സരോജ്കുമാര്‍ ആയതും തദ്വാര താരമായി വിലസിയതും. എന്നിരുന്നാലും ഈയ്യടുത്ത കാലത്തൊന്നും മലയാളത്തില്‍ അധികം ആരും (അനുരാഗ വിലോചനന്മാരായ ചുരുക്കം ചില ചുള്ളന്മാര്‍ ഒഴികെ) ആ രസങ്ങള്‍ എടുത്തു പ്രയോഗിച്ചു കൈയ്യടി നേടിയിട്ടില്ല.. പക്ഷെ അങ്ങ് മുംബായില്‍, നമ്മുടെ ബോളിവൂഡില്‍, അതല്ല സ്ഥിതി... അവിടെ അദ്ധേഹത്തിന്റെ ഒരു അരുമശിഷ്യന്‍ കൊടിയും കൊടിക്കൂറയുമായി അടക്കി വാഴുന്നുണ്ട്. .. അത് മറ്റാരുമല്ല .. ലോകത്താകമാനമുള്ള സിനിമ പ്രേക്ഷകരുടെ രോമാഞ്ചം ആയ "കിംഗ്‌ ഖാന്‍" എന്ന ചെല്ലപ്പേരില്‍ അറിയപ്പെടുന്ന സാക്ഷാല്‍ ഷാരൂഖ് രാവന്‍ ഖാന്‍... എന്താ സംശയം ഉണ്ടോ? ... ഉണ്ടെങ്കില്‍ അദ്ദേഹത്തിനെ ഏറ്റവും പുതിയ പടമായ ഡോണ്‍ 2  ഒന്ന് കണ്ടു നോക്കൂ (അവനവന്റെ റിസ്ക്കില്‍) ...

ഇവിടെ ഏതായാലും ഞാന്‍ ആ "വിശ്വോത്തര സൃഷ്ടിയെ" പറ്റി ഒരു റിവ്യൂ എഴുതാന്‍ ഒന്നും മിനക്കെടുന്നില്ല.  പക്ഷെ ആ സിനിമയില്‍  ഷാരൂഖ് ഖാന്‍ എന്ന "നടന്‍ (?)" അഭിനയം എന്ന പേരില്‍ കാണിച്ചു വെക്കുന്ന ഗോഷ്ടി കണ്ടിട്ട് കണ്ടില്ല എന്ന് നടിച്ചു പോവാന്‍ തോന്നിയില്ല.. അത് കൊണ്ട്  കുറിച്ച് വെക്കുന്നതാണ് രണ്ടു വരികള്‍. "മെഗലോമാനിയ" കയറി തലക്കടിച്ച അദ്ദേഹത്തിനു ഓരോ അടി ഫിലിമിലും തന്റെ മുഖം പതിയണം എന്ന് നിര്‍ബന്ധം കാണും.  അക്കാരണം കൊണ്ട് തന്നെ ആ മുഖം നിറച്ചു നിര്‍ത്താന്‍ വേണ്ടി പടച്ചു വിട്ടതാണ് ആ സിനിമ. എന്നിരുന്നാലും പടം  തുടങ്ങി അവസാന ഫ്രെയിം വരെ അദ്ധേഹത്തിന്റെ മുഖത്ത് വന്നിട്ടുള്ളതു ആകെ രണ്ടേ രണ്ടു ഭാവങ്ങള്‍ മാത്രം. ഒന്ന് ഇടത്തേക്ക് ചുണ്ട് കോടി വക്രിച്ചു  പിടിച്ചുള്ള ഒരു ഗോഷ്ടി, അടുത്തത് വലതു വശത്തേക്ക് അതെ പോലെ ..  ഡയലോഗും സ്ടുണ്ടും ഡാന്‍സും പാട്ടും തമാശയും. എല്ലാം ഈ ഭാവങ്ങള്‍ വെച്ച് തന്നെ.. പിന്നെ ഇടക്ക് ക്ഷീണിക്കുമ്പോള്‍ സംവിധായകന്‍ വായില്‍ ഒരു സിഗരെട്ടു തിരുകി പുക വെച്ച് മുഖം മറച്ചു കൊടുക്കും.  ഈ ഒരു അഭ്യാസവുമായി രണ്ടു രണ്ടര മണിക്കൂര്‍ മാറി മാറി കാണിച്ചാണ് ഇഷ്ടന്‍ ഡോണ്‍ രണ്ടാമന്‍ ആയി സ്ക്രീനില്‍ എത്തിയിരിക്കുന്നത്.

ദോഷം പറയരുതല്ലോ.. ഏതാണ്ട് ഇങ്ങനെ ഒക്കെ തന്നെയാണ് കഴിഞ്ഞ പത്തു പതിനഞ്ചു കൊല്ലമായി ബാദ്ഷാ ഖാന്‍ ബോളി വുഡ് അടക്കി വാണുകൊണ്ടിരുന്നത്. (ഇടക്കൊരബദ്ധം പറ്റിയ പോലെ ചെയ്ത സ്വദേശ് ഒഴിവാക്കിയാല്‍), കശ്മീര്‍ മുതല്‍ കേരളം വരെ,  ലണ്ടന്‍ മുതല്‍ മലേഷ്യ വരെ, മുതലമട മുതല്‍ മുറാദബാദ് വരെ. ഉള്ള കോടി കണക്കിന് ഹിന്ദി സിനിമ പ്രേക്ഷകരുടെ കണ്‍ കണ്ട കടവുളായി വാണരുളുന്നത്.  ഇന്ത്യയില്‍ ഏറ്റവും വലിയ പ്രതിഫലം പറ്റുന്ന നടനായി  വിലസുന്നത്. കൊല്ലം തോറും ഫിലിംഫെയേറിന്റെ പ്രതിമ പൊതിഞ്ഞു കെട്ടി മന്നതിലേക്ക് പോവുന്നത്. ഇനി ആര്‍ക്കെങ്കിലും മന്നതിലെ പ്രാര്‍ഥനാ മുറി കാണാന്‍ ചാന്‍സ് കിട്ടിയാല്‍ നോക്കിക്കോളൂ... അവിടെ പച്ചാളം ഭാസിയുടെ ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടം പൂവിട്ടു പൂജിച്ചു വെച്ചിട്ടുണ്ടാവും.  പച്ചാളം ഭാസി ഇതൊക്കെ കണ്ടു നിര്‍വൃതി അടയുന്നുണ്ടാവും...

അഭിപ്രായങ്ങളൊന്നുമില്ല: