വ്യാഴാഴ്‌ച, ഫെബ്രുവരി 02, 2012

മുല്ലപ്പെരിയാര്‍ ടൂറിസം പൊടി പൊടിക്കുമ്പോള്‍

എനിക്ക് മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുകയാണ്, മിനിമം ആഴ്ചയില്‍ രണ്ടു വെച്ച് വിദഗ്ദ സംഘങ്ങള്‍ മുല്ലപ്പെരിയാരിലോട്ടു വെച്ച് പിടിക്കുന്നു. പരിവാരങ്ങളോട് കൂടി ഡാമും ചുറ്റി നടന്നു കണ്ടു, സുരേഷ് ഗോപിയുടെ ഭാഷയില്‍ മൃഷ്ടാന്നവും ഭുജിച്ചു, ഏമ്പക്കവും വിട്ടു പോകുന്ന കലാപരിപാടി കുറച്ചു കാലമായി നിര്‍ബാധം തുടര്‍ന്ന് കൊണ്ട് പോവുന്നു. കുറച്ചു അടുത്തൂണ്‍ പറ്റാറായ ഗോസായിമാര്‍ക്ക് സര്‍ക്കാര്‍ ചിലവില്‍, നല്ല കാലാവസ്ഥയുടെ സുഖവും അനുഭവിച്ചു ഒരു ടൂറിസം പരിപാടി. ശുഭയാത്ര...അത് കഴിഞ്ഞു അങ്ങ് കേന്ദ്രത്തില്‍ തിരിച്ചെത്തി  കേരളത്തിന്റെ മണ്ടക്കിട്ട് ഒരു കിഴുക്കും... ഒരു കൊട്ടും.. എല്ലാം പുഹ എന്ന മട്ടില്‍, തൊട്ടും തൊടാതെയും ചില പ്രസ്താവനകളും.... ഈ കാഴ്ചകള്‍ കാണുമ്പോള്‍,  ഇതപറ്റി കേള്‍ക്കുമ്പോള്‍,  വായിച്ചറിയുമ്പോള്‍,  മനസ്സില്‍ നിറയുന്നത് ഒരു പാട് ചോദ്യങ്ങളാണ്. എന്തിനാണ് ഇത്രയേറെ പഠന സംഘങ്ങള്‍ അവിടെ കയറി ഇറങ്ങുന്നത്.. അവര്‍ എന്താണ് പഠിക്കുന്നത്.. എന്തൊക്കെ അവര്‍ മനസ്സിലാക്കി.. ആരെ സഹായിക്കാനാണ് ഈ പഠനങ്ങള്‍.. ആര്‍ക്കു വേണ്ടിയാണ് ഈ ദൌത്യ ടൂറിസ്റ്റുകള്‍ വന്നു കാഴ്ച കണ്ടു പോകുന്നത് .. ആര്‍ക്കാണ് അതുകൊണ്ട് പ്രയോജനം...ഇവര്‍ക്കൊക്കെ ആര് ചിലവിനു കൊടുക്കുന്നു.. അങ്ങിനെ നൂറു നൂറു ചോദ്യങ്ങള്‍. അല്ല ഇതൊക്കെ ചോദിക്കാനും .. അഥവാ ആരെങ്കിലും ഇതൊക്കെ ചോദിച്ചാല്‍ ഇതിനൊരു മറുപടി നല്‍കാനും ആരുണ്ടാവും... ആര്‍ക്കാണ് അതിനൊക്കെ സമയം... സൗകര്യം.

അപ്പോള്‍ ഇവിടെ എന്താണ് സംഭവിക്കുന്നത്‌?.. സമരം ഓരോരോ ദിവസമായി വെച്ചും വലിച്ചും മുടന്തിയും നീങ്ങുന്നു. ഇടക്കൊക്കെ മൂപ്പിക്കാന്‍, ആത്മാര്‍ഥതയുടെ തരിമ്പും തൊട്ടു തീണ്ടാതെ മന്ത്രി പുംഗവന്‍,  ജോസെഫ് സാര്‍ ഒരു ഗീര്‍ വാണവും വിട്ടേച്ചു ഒരു പോക്ക് പോവും. പാവം കുറെ സമര സമിതിക്കാര്.... പട്ടിണി പാവങ്ങള്.... ആത്മാര്‍ഥമായി തമ്പുരാന്മാര് കനിയും എന്ന് വെച്ച് തുടര്‍ന്ന് കൊണ്ട് പോവുന്ന സമരം. അതിനെ തെല്ലെങ്കിലും ആത്മാര്‍ഥതയോടെ പിന്തുണച്ചിരുന്ന സൈബര്‍ വയ്താരിയും മെല്ലെ മെല്ലെ പെയ്തോടുക്കിയ പോലെ ഒന്നൊന്നായി തങ്ങളുടെ ദൈനംദിന പ്രാരബ്ദങ്ങളിലേക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു.

ഇതൊന്നും വേറൊന്നും കൊണ്ട് ഉണ്ടാവുന്നതല്ല... ഇച്ചാശക്തി ഇല്ലാത്ത ഒരു നേതൃത്വത്തെ വോട്ടു കുത്തി ഭരിക്കാന്‍ അയക്കുന്നത് കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്.... ശരിക്കും വിഷമം തോന്നുന്നുണ്ട് ഡാം ഇപ്പൊ പൊട്ടും എന്ന ഭീതിയില്‍ ഉറക്കം കളഞ്ഞു ജീവിച്ചു തള്ളുന്ന പാവം അമ്മമാരെയും കുട്ടികളെയും പറ്റി... പാതവക്കില്‍ ദുര്‍ബലമായി സമരം തുടരുന്ന പാവം സമരക്കാരെ പറ്റി..... അവര്‍ക്ക് മുമ്പിലൂടെ ഇനിയും മുല്ലപെരിയാര്‍ ടൂറിസ്റ്റു സംഘങ്ങളുടെ വാഹന വ്യൂഹങ്ങള്‍ പൊടി പറത്തി കുതിച്ചു പായും, അവരോടൊപ്പം ആഘോഷമായി മാധ്യമപ്പടയും പരിവാരങ്ങളും എസ്കോര്‍ട്ട് പോവും... സര്‍ക്കാരിന്റെ കീശ ആ വകയിലും ഒന്ന് ചുരുങ്ങും... അല്ലാതെ ഒന്നും നടക്കാന്‍ പോവുന്നില്ല.. ഡാം പൊട്ടിയാല്‍ നഷ്ടമാര്‍ക്ക്... ആ പാവങ്ങള്‍ക്ക് തന്നെ... അങ്ങനെ സംഭവിച്ചാലും, പിന്നെയും ഇറങ്ങും ദുരന്ത കാഴ്ചകള്‍ കണ്ടു ആസ്വദിക്കാന്‍ ഗോസായിമാരുടെ ടൂറിസ്റ്റ് സംഘങ്ങള്‍....

അഭിപ്രായങ്ങളൊന്നുമില്ല: