ശനിയാഴ്‌ച, ഫെബ്രുവരി 04, 2012

ധോണിയുടെ ചോര ആര്‍ക്കൊക്കെ വേണം?

ഒന്ന് കാലിടറാന്‍ കാത്തിരുന്ന മാതിരിയാണ് തമ്പുരാക്കന്മാര്‍ എല്ലാവരും പ്രതികരിക്കുന്നത്. ലങ്കന്‍ ആക്രമണത്തെ സിക്സര്‍ തൂക്കി ലോകകപ്പ്‌ നേടി തന്നതിന്റെ മണം നമ്മുടെ ചുറ്റില്‍ നിന്നും പോയിട്ടില്ല.. അതിനു മുമ്പ് തന്നെ അവര്‍ക്കൊക്ക ധോനിയുടെ ചോര വേണം.. മുംബൈ, ചെന്നൈ, ദില്ലി... പോലെയുള്ള ഒരു മഹാനഗരത്തിലെ ഉന്നത ശ്രേണിയില്‍ നിന്നും ബി സി സി ഐയിലെ ഗോഡ് ഫാദര്‍മാരുടെ ചെറുവിരല്‍ തൂങ്ങി കയറി വന്നതല്ല ഈ റാഞ്ചിക്കാരന്‍. സ്വന്തം കഴിവ് കൊണ്ട് പടി പടിയായി പിടിചെടുതതാണ് നായകസ്ഥാനം.. ഗാംഗുലിയോടുള്ള വൈരാഗ്യം മൂത്ത് ചവുട്ടി പുറത്താക്കിയപ്പോള്‍, കുറച്ചു കാലത്തേക്ക് ആ മുള്‍ക്കിരീടം വെക്കാന്‍ ഒരു തല എന്ന് മാത്രമേ ബി സി സി ഐ തമ്പുരാന്മാര്‍ ആ തൊപ്പി വെച്ച് കൊടുത്തപ്പോള്‍ കരുതിയിരുന്നുള്ളൂ.. പക്ഷെ ആദ്യം ട്വന്റി ട്വന്റി ലോകകപ്പ്‌ എടുത്തു ചുംബിച്ചു കൊണ്ട് അവരെ അമ്പരപ്പിച്ചു കളഞ്ഞു അദ്ദേഹം.. പിന്നെ പടി പടിയായി ഓരോ ക്രിക്കെറ്റ് പ്രേമികളുടെയും ബഹുമാനം പിടിച്ചു വാങ്ങുകയായിരുന്നു ക്യാപ്ടന്‍ കൂള്‍. കഴിഞ്ഞ വര്ഷം ലോക കപ്പു നേടിയപ്പോള്‍ ഇന്ത്യന്‍ ടീമിലെ ദൈവങ്ങള്‍ മുതല്‍ നോക്ക് കൂലിക്കാര്‍ വരെ ആഹ്ലാദ നൃത്തം ചവുട്ടിയപ്പോഴും ആ ആരോഹണത്തെ സമചിത്തതയോടെ ഒരു പുഞ്ചിരിയില്‍ ആഘോഷിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. അവിടെയാണ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ പക്വത ഉള്ള ഒരു നായകന്‍റെ സാന്നിധ്യം നമ്മള്‍ അറിഞ്ഞത്.

പക്ഷെ നമ്മുടെ എല്ലാം സ്മരണകള്‍, ഒടുവില്‍ കഴിഞ്ഞ കളി വരെ മാത്രമേ ഉള്ളൂ എന്ന സത്യം  നാം വീണ്ടും തെളിയിക്കുന്നു. പതിവ് പോലെ സ്വന്തം കഴിവില്‍ കയറിയ എല്ലാവനെയും ആദ്യം കിട്ടിയ അവസരത്തില്‍ തന്നെ വലിച്ചു താഴെയിടാനുള്ള നമ്മുടെ വ്യഗ്രത നാം ഇവിടെയും കാണിച്ചു കൊണ്ടിരിക്കുന്നു.. അദ്ധേഹത്തിന്റെ രക്തത്തിനായി മുറവിളി കൂട്ടിക്കൊണ്ടു.. അത് നന്നായി അറിയുന്ന തമ്പുരാന്മാരും അതിനു വഴി ഒരുക്കുന്ന രീതിയില്‍ തന്നെ ആണ് ചീട്ടിറക്കുന്നത്. പക്ഷെ അവിടെയും അദ്ദേഹം അന്തസ്സും വിവേകവും കാണിച്ചു. തന്റെ പ്രസ്താവനയിലൂടെ, തനിക്കു തൊപ്പി താഴെ വെക്കാന്‍ ഒരു മടിയുമില്ല എന്ന് തുറന്നടിച്ചു കൊണ്ട്. അവിടെയാണ് തിരിഞ്ഞു നിന്ന് കസേരയില്‍ അള്ളി പിടിച്ചിരിക്കുന്ന ഓരോ ദൈവങ്ങളില്‍ നിന്നും ഈ ജാര്‍ക്കണ്ടുകാരന്‍ വ്യത്യസ്തനാവുന്നത്.

ഇനി നമുക്ക് ഇന്നത്തെ സാഹചര്യം ഒന്ന് നോക്കാം.. തുടരെ  തുടരെ പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് വിദേശത്ത് കഴിഞ്ഞ രണ്ടു ടെസ്റ്റ്‌ പരമ്പരയും കടന്നു പോയത്.. ആദ്യം ഇംഗ്ലണ്ടില്‍ .. പിന്നിതാ ആസ്ട്രേലിയയില്‍.. ഈ പരാജയങ്ങളില്‍ ക്യപ്ടന്റെ പങ്കു എന്താണ്.... മുന്നൂറു റണ്‍സില്‍ കൂടുതല്‍ ആസ്ട്രേലിയയില്‍ ഒറ്റ ഇന്നിങ്ങ്സില്‍ പോലും നമുക്ക് നേടാന്‍ ആയില്ല.. സച്ചിന്‍, സെവാഗ്, ദ്രാവിഡ്‌, ലക്ഷ്മണ്‍ എന്ന വന്‍ പുലികള്‍ അടങ്ങിയ ബാറ്റിംഗ് നിരയ്ക്ക്.  ആകെ ഒരു സെഞ്ചുറി അവസാന ടെസ്റ്റില്‍ കൊഹ് ലി  അടിച്ചത്.. അങ്ങിനെ അമ്പേ പരാജയപ്പെട്ട ഒരു ബാറ്റിംഗ് നിര വെച്ചു ഇതു ക്യാപ്ടനാണ് മഹാല്‍ഭുതം കാണിക്കാന്‍ സാധിക്കുക. ഗംഭീറും, സേവാഗും ചേര്‍ന്ന് നേടിയ ഏറ്റവും വലിയ ഓപ്പെനിംഗ് കൂട്ടുകെട്ട് ഇരുപത്തി ഏഴാണ്... ഒരു ഇന്നിങ്ങ്സില്‍ പോലും ഒരു അടിത്തറ പണിയാന്‍ പരാജയപ്പെട്ട ഒരു ബാറ്റിംഗ് നിര വെച്ച്  സാക്ഷാല്‍ ഒടയതമ്പുരാന്‍ പോലും പച്ച തൊടില്ല..  പിന്നല്ലേ ധോണി.. പിന്നെ ബൌളര്‍മാര്‍... ഇഷാന്ത് ശര്‍മ എന്ന ഓപ്പെനിംഗ് ബൌളര്‍ ഒടുവിലായി രണ്ടു വിക്കറ്റില്‍ കൂടുതല്‍ എടുത്ത ഒരു കളി ഞാന്‍ മറന്നു. അത് പോലെ വിദേശത്ത് ആദ്യ സീരിസ് കളിക്കുന്ന ഉമേഷ്‌ യാദവില്‍ നിന്നും അധികം പ്രതീക്ഷിക്കുന്നതും ശരിയല്ല... ഇനി ഫീല്‍ടിന്ഗോ.. കാലില്‍ അമ്മി കെട്ടിയ പോലെയും കൈയ്യില്‍ വെണ്ണ തേച്ച പോലെയും ആണ് നാല്പതു തികയുന്ന സട കൊഴിഞ്ഞ സിംഹങ്ങള്‍ കളിക്കളത്തില്‍ നിന്നിരുന്നത്.. ലക്ഷ്മണ്‍ കൈവിട്ട ക്യാച്ച് കളെ പറ്റി ആരും അധികം സംസാരിച്ചു കണ്ടില്ല... പോണ്ടിങ്ങും ക്ലാര്‍ക്കും അടിച്ചു കയറിയ രണ്ടാം ടെസ്റ്റില്‍, രണ്ടു പേര്‍ക്കും ദാനം ചെയ്തത് ഈരണ്ടു ലൈഫ് ആണ്... അതും ആദ്യ മൂന്നു വിക്കെറ്റുകള്‍ പെട്ടന്ന് വീഴ്ത്തി മേല്‍ക്കൈ നേടിയ ശേഷം.. കഴിഞ്ഞ ട്വന്റി ട്വെന്റി മാച്ച് എട്ടു വിക്കറ്റിനു നാം ജയിച്ചപ്പോള്‍ ടീം ഫീല്‍ഡ് ചെയ്യുന്നത് കണ്ടോ? ചെറുപ്പം പിള്ളേര്‍ ചാടി വീണു തടയുന്ന റണ്ണുകള്‍, എടുക്കുന്ന ക്യാച്ച് കള്‍, നേടുന്ന റണ്നൌടുകള്‍.... അവിടെ ആ വ്യതാസം വിവരമുള്ളവര്‍ക്ക് മനസ്സിലാകും.. എല്ലാവര്ക്കും സുവര്‍ണ കാലഘട്ടം ഉണ്ട്.. മൂന്ന് സട കൊഴിഞ്ഞ സിംഹങ്ങളെ ഒരുമിച്ചു കളിപ്പിക്കുന്നതിലെ റിസ്ക്‌ ഏറ്റവും കൂടുതല്‍ കാണുന്നത് ഫീല്ടിങ്ങില്‍ ആണ്. പ്രായതോടൊപ്പം റിഫ്ലെക്സ് കുറഞ്ഞു വരുന്നതിന്റെ ഉത്തമ ദൃഷ്ടാന്തം ആണ് വന്‍ മതില്‍ ചോര്‍ന്നു ഏഴു തവണ കുറ്റി ഊരി തെറിച്ചത്‌.  ഇവിടെ ക്യാപ്ടന്‍ എന്ത് തെറ്റ് ചെയ്തു. ഇനി ഈ ക്യാപ്ടനെ കൂടാതെ അല്ലെ അവസാന ടെസ്റ്റ്‌ കളിച്ചത്.. അവിടെ എന്ത് സംഭവിച്ചു?.

ഇനിയാണു വിവേക ശൂന്യമായ ഈ നീക്കത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നത്. ധോനിയെ മാറ്റി നിര്‍ത്തി സെവാഗിനെ കൊണ്ട് വരാനാണ് എല്ലാവരും പറയുന്നത്.. അതിന്റെ കാരണം ആയി പറയപ്പെടുന്നത്‌ സെവാഗ് സ്വയം ധോനിയെക്കാള്‍ ക്യാപ്ടന്‍ ആവാന്‍ യോഗ്യന്‍ താനാണെന്ന് കരുതുകയും, ധോണിയുടെ കീഴില്‍ മര്യാദക്ക് കളിക്കാനുള്ള വൈമനസ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നതാണ്. ക്രിക്കെറ്റ് ആദ്യന്തികമായി ഒരു ടീം ഗെയിം ആണ് എന്നാണു ഞാന്‍ വിശ്വസിക്കുന്നത്. സ്വന്തം സ്ഥാനലബ്ദി  മൊത്തം ടീമിന്റെ ജയത്തെക്കാള്‍ വലുതായി കാണുന്ന ഒരാള്‍ ജയിക്കാനുള്ള വാഞ്ചയോട് കൂടി കളിക്കാതിരുന്നാല്‍.. ബുദ്ധിയുള്ളവര്‍ അയാളെ - അയാള്‍ എത്ര കൊല കൊമ്പനായാലും ടീമില്‍ നിന്നും തൂക്കി എറിയുക അല്ലെ ചെയ്യേണ്ടത്... അല്ലാതെ പട്ടും വളയും കൊടുത്തു പടിയേറ്റ് നടത്തുകയാണോ?. ഇനി മറ്റൊരു കാര്യം കൂടി .. ഒരു മികച്ച ടീം പ്ലയെര്‍, കളിയുടെ സാഹചര്യം നോക്കിയാണ് കളിക്കേണ്ടത്... എന്ത് സാഹചര്യം ആയാലും തനിക്കു തോന്നിയ മട്ടില്‍ മാത്രമേ സെവാഗ് കളിക്കുന്നത് കണ്ടിട്ടുള്ളൂ... അത് മൊത്തം ടീമിന് മാതൃക ആകേണ്ട ഒരു ക്യാപ്ടന്‍ എന്ന രീതിയില്‍ എത്ര കണ്ടു അനുപേക്ഷനീയമായ ഒരു കാര്യമാണ് എന്നും ചിന്തിക്കേണ്ടതാണ്. ഇനി സെവാഗിന്റെ ക്യാപ്ടന്‍ ആയുള്ള പ്രകടനം. ഡല്‍ഹി ഡെയര്‍ ടെവിള്സിനു ഐ പി എല്ലിലുള്ള സ്ഥാനം നോക്കിയാല്‍ ബോധ്യമാവും..

അങ്ങിനെ പറയുമ്പോള്‍ ഈ നീക്കത്തിന് പിറകില്‍ ആകെ ഉള്ള കാരണം ഒന്ന് മാത്രമാണ്... ഈ തോല്‍വിയുടെ പാപഭാരം ധോനിയുടെ തലയില്‍ വെച്ചു കെട്ടി എല്ലാം ഒരു കുഴി കുഴിച്ചു മൂടുക..അത് വഴി തല്‍ക്കാലം ബി സി സി ഐ തമ്പുരാക്കന്മാരുടെ തടി കേടാവാതെ നോക്കുക  പിന്നെ പതുക്കെ നാട്ടില്‍ വന്നാല്‍ ടെര്‍നിംഗ് പിച്ചുകള്‍ ഉണ്ടാക്കി ചെറുകിട ടീമുകളെ തോല്‍പ്പിച്ചു സൌകര്യപൂര്‍വ്വം ആളാവാം.. അപ്പോള്‍ എല്ലാം  മറന്നു കയ്യടിക്കാനും തുള്ളി കളിക്കാനും നമ്മളുണ്ടല്ലോ.. ടീം ജയിച്ചു കേറുമ്പോള്‍ വെളുക്കെ ചിരിച്ചു നിന്ന് കളിച്ച പിള്ളാരെ തള്ളി മാറ്റി ശില്പ ഷേട്ടിയുടെയും, പ്രീതി സിന്റയുടെയും കൂടെ നിന്ന് ശ്രീനിവാസനും രാജീവ് ശുക്ലയും അശ്ലീല ചിരിയും  ചിരിച്ചു  പടമെടുക്കും. അത് കഴിഞ്ഞു അടുത്ത ഫോറിന്‍ ടൂറില്‍ കളസം കീറുമ്പോള്‍ (പണ്ട് സുകുമാരന്‍ സുഭദ്രാ കുമാരി തങ്കച്ചി അല്ലെങ്കില്‍ വേറൊരു തങ്കച്ചി എന്ന് പറഞ്ഞ പോലെ) ബി സി സി ഐക്കാര്‍ അപ്പോഴത്തെ സൗകര്യം പോലെ വേറൊരു ധോണിയെ കഴുത്തു വെട്ടി അടിയന്തിരം നടത്തും. .. അല്ലാതെ ഈ സെലെക്ടര്മാരും ബി സി സി ഐക്കാരും കുരിശുകള്‍ ഒന്നും ചുമക്കില്ല.. തോല്‍വിയുടെ പാപഭാരം ചുമക്കാന്‍ ധോനിയെപ്പോലുള്ള ബലിയാടുകളെ അവര്‍ ഒരുക്കി നിര്‍ത്തിക്കോളും.  പാവം ധോനിയോട് സഹതാപം.. വിവരമില്ലാതെ മുറവിളി കൂട്ടുന്ന സാധാരണ കാണികളോടും സഹതാപം... 


ഒരു പിന്‍കുറിപ്പ്: ഇനി ഈ ക്യാപ്ടന്സിയിലുള്ള മാറ്റം ഉദ്ദേശ ശുദ്ധിയോടെ ഭാവി മുന്നില്‍ കണ്ടു കൊണ്ടിട്ടനെങ്കില്‍ അവര്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് കൊഹ് ലിയില്‍ ആണ്.. ഒന്നോ രണ്ടോ സീരീസ്‌ ധോനിയുടെ കീഴില്‍ ഗ്രൂം ചെയ്തെടുത് സ്ഥാനം പതുക്കെ കൈമാറുക.. അതെ സമയം കൂടുതല്‍ പുതുരക്തങ്ങളെ ഉള്‍പെടുത്തി ടീമിന്റെ  അലകും പിടിയും മാറ്റി എടുക്കുകയും ചെയ്യാം... പക്ഷെ ഈ കള്ളന്മാരുടെ ഉദ്ദേശം അതൊന്നുമല്ല ഒരു താല്‍ക്കാലിക നാടകം മാത്രമാണ് എന്ന് നമുക്കൊക്കെ അറിയാത്തതാണോ? 


അഭിപ്രായങ്ങളൊന്നുമില്ല: