ഞായറാഴ്‌ച, ഫെബ്രുവരി 05, 2012

നമുക്ക് തൂങ്ങാന്‍ വിവാദക്കുരിശുകള്‍

ഇതാ യേശു വിപ്ലവകാരിയോ അല്ലയോ.... വിവാദങ്ങള്‍ക്കായി നാക്ക് നീട്ടിയിരിക്കുന്നാ പണിയില്ലാ മലയാളിക്ക് മുമ്പില്‍ സഖാവ് മറ്റൊരു എല്ലിന്തുണ്ട് കൂടി നീട്ടിയെറിഞ്ഞിരിക്കുന്നു.. അത് വന്നു നിലം മുട്ടും മുമ്പേ ചാടി എടുത്തു കടിപിടി കൂടാന്‍ പ്രബുദ്ധ കേരളത്തിന്റെ പങ്കപ്പാടുകള്‍... എന്തൊക്കെ കാണിച്ചു പൊതുജന കഴുതയെ മയക്കി ഇരുത്തും എന്ന് കരുതിയിരിക്കുന്ന മാധ്യമ കുറുക്കന്മാര്‍ അത് പഞ്ഞകാലത്തെ ചാകരയാക്കുന്നു. പൊന്നാങ്ങള പടമായാലും വേണ്ടില്ല നാത്തൂന്‍ കാറിക്കരയണതു കാണണം എന്ന മട്ടില്‍ തീയാളാന്‍ എണ്ണയൊഴിച്ച് വിടുന്ന "രാഷ്ട്രീയ മിത്രങ്ങള്‍" (കക്ഷി രാഷ്ട്രീയത്തില്‍ ശത്രുക്കളില്ല എന്നതാണ് വാസ്തവം... അവരൊക്കെ ഒരു വലിയ കുടുംബമാണ്.. നീ എന്റെ പുറം ചൊറിയു ഞാന്‍ നിനക്ക് ചൊറിഞ്ഞു തരാം എന്ന് പറഞ്ഞു ഈ കറക്കു കമ്പനി കൊണ്ട് നടത്തുന്ന കള്ളക്കൂട്ടം). അനാവശ്യ വിവാദങ്ങളില്‍ പുര കത്തിക്കുംബോഴല്ലേ അവര്‍ക്ക് എല്ലാവരുടെയും ശ്രദ്ധ തിരിച്ചു കഴുക്കോല്‍ ഊരാന്‍ പറ്റുകയുള്ളൂ.

നമ്മുടെ ഒക്കെ വിലപ്പെട്ട സമയം അപഹരിച്ചു കൊണ്ട് ഇവിടെ ചര്‍ച്ച ചെയ്തു കൊണ്ട് വരുന്ന വിവാദങ്ങളില്‍, തൊണ്ണൂറ്റി ഒമ്പത് ശതമാനവും നമ്മുടെ ദൈനംദിന ജീവിതത്തില്‍ അതുണ്ടാവുന്നതുകൊണ്ട്  യാത്രൊരു പ്രയോജനവും ഇല്ലാത്ത അനാവശ്യ വിഷയങ്ങളില്‍ ആണ്. എന്നിരുന്നാലും അങ്ങിനെ പറഞ്ഞു അവയെ എല്ലാം തീര്‍ത്തും അവഗണിക്കാനും സാധിക്കില്ല. ഇതിനെക്കുറിച്ച്‌ കാര്യമായി ചിന്തിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തോന്നാവുന്ന ഒരു ചോദ്യം ഇത്തരം അനവസരത്തിലുള്ള പ്രയോജനരഹിതമായ വിവാദങ്ങള്‍ കൊണ്ട് ഇത് സൃഷ്ടിക്കുന്നവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്ത് എന്നാതാണ്.. ഒറ്റ നോട്ടത്തില്‍ അനാവശ്യം എന്ന് തോന്നുന്നുന്ടെകിലും ഇത്തരം പല വിവാദങ്ങളുടെയും പിറകില്‍ വ്യക്തമായ ഒരു അജണ്ട ഉണ്ട്..കാതലായ പ്രശ്നങ്ങളില്‍ നിന്നും സാമാന്യ ജനത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് ഏറ്റവും അധികം വിവാദങ്ങള്‍ ചമയ്ക്കപ്പെടുന്നത് എന്നതാണ് വാസ്തവം. പഴകി പതിഞ്ഞ ഒരു ചാണക്യതന്ത്രം.

ഇനി "വിപ്ലവകാരിയായ യേശു" എന്ന വിവാദം തന്നെ എടുക്കാം. ഈ ഒരൊറ്റ വിവാദം കൊണ്ട് സഖാവ് പല മരങ്ങള്‍ക്കൊരുമിച്ചാണ് കല്ലെറിഞ്ഞിട്ടുള്ളത്.  ആദ്യമരം പിറവത്തെ വോട്ടര്‍ തന്നെ..പിന്നെ അപ്പുറത്ത് പാര്‍ട്ടി കോണ്‍ഗ്രസ്‌, അതിന്റെ അപ്പുറത്ത് ആസ്പത്രി ഉടമകള്‍... അങ്ങിനെ പോകുന്നു കളികള്‍. ഒന്നാലോചിച്ചു നോക്കൂ, വികസനം, അഴിമതി, സാമൂഹ്യ നീതി, തുടങ്ങിയ വിഷയങ്ങളെ പറ്റി വേവലാതിപ്പെടേണ്ട പിറവം വോട്ടര്‍ ഇനി എന്ത് ചര്‍ച്ച ചെയ്യും? പ്രസ്ഥാനതിലുണ്ടാവുന്ന മൂല്യ ശോഷണത്തെ പറ്റിയും, വിഭാഗീയതയെ പറ്റിയും, നയ രൂപീകരണത്തെ പറ്റിയും ഒക്കെ ചര്‍ച്ച ചെയ്യേണ്ട പാര്‍ട്ടി കൊണ്ഗ്രെസ്സില്‍ ഇപ്പോള്‍ മുഖ്യ വിഷയം എന്താവും? ഒരു പാട് ശ്രമഫലമായി മെല്ലെ മെല്ലെ ന്യൂസ്‌ റൂമിലും സൈബര്‍ ലോകത്തും ചര്‍ച്ചകളുയര്‍ത്തി പൊതുജനശ്രദ്ധ തങ്ങളുടെ സമരങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന നര്സുമാര്‍ ഇപ്പോള്‍ ആരായി?.... ഇനി ബൈബിളില്‍ മുങ്ങി തപ്പിയും, മൊഴിയും മറു മൊഴിയും വ്യാഖ്യാനിച്ചും വിവാദ ലഹരിയില്‍ മുഴുകി കേരള സമൂഹത്തിനു കുറച്ചു നാള്‍ ആറാടാം. ഇനി  എങ്ങിനെ ഒക്കെ ചര്‍ച്ച ചെയ്താലും കടിപിടി കൂടിയാലും,  യേശു ഒരു വിപ്ലവകാരിയാണോ അല്ലെയോ എന്ന വിഷയത്തില്‍ ഏതായാലും ഒരു  തീരുമാനം ആര്‍ക്കെങ്കിലും  എടുക്കാന്‍ പറ്റുമോ?  അവിടെയാണ് ട്രാപ് വെച്ചിരിക്കുന്നത്..

അത് പോലെ തന്നെയാണ് മറ്റു വിവാദ നിര്‍മാതാക്കളുടെയും, സംഭവം കൂടെ നിന്ന് കൊഴുപ്പിക്കുകയും, എതിര്‍ത്ത് നിന്ന് ആക്രമിച്ചു വഷളാക്കുകയും ചെയ്യുന്ന തല്‍പ്പരകക്ഷികളുടെയും ഉദ്ദേശ ലകഷ്യങ്ങള്‍. ഇതിനിടയില്‍  കാണുന്ന ഒരു അപകടകരമായ പ്രവണത എന്തെന്നാല്‍ മുമ്പൊക്കെ നിരുപദ്രവകാരികള്‍ ആയിരുന്ന പല വിവാദങ്ങള്‍ക്കും ഇപ്പോള്‍ രൂപപരിണാമം സംഭവിച്ചു മുന നീണ്ടുവരുന്നത്‌ നാട്ടില്‍, അല്ലാതെതന്നെ വേര് പിടിച്ചിട്ടുള്ള വര്‍ഗീയ ധ്രുവീകരണം കൂടുതല്‍ തീവ്രമാക്കുന്നതിനാണ്. ആ നിലക്ക് ഈ വന്നു വീഴുന്ന എല്ലിന്‍ തുണ്ടുകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത് പൊതുജനങ്ങള്‍ മാത്രമല്ല... ചോര മണത്തു നടക്കുന്ന ഒരു ചെന്നായ്ക്കൂട്ടവും ഉണ്ട് എന്ന് വേണം നമുക്ക് മനസ്സിലാക്കാന്‍. അവര്‍ പക്ഷെ ആ എല്ലിന്‍ തുണ്ടിനു വേണ്ടിയല്ല കൂട്ടത്തില്‍ കടിപിടി കൂട്ടുന്നത്‌... അവര്‍ക്ക് വേണ്ടത് പച്ച മാംസമാണ്. വിവാദങ്ങളുടെ മുമ്പില്‍ മയങ്ങി നില്‍ക്കുന്ന നമുക്ക് ഒരു പക്ഷെ പലപ്പോഴും ആ ചോരക്കൊതി  ദൃശ്യമായി എന്ന് വരില്ല. ഒടുവില്‍ അത് വരുത്തിവെക്കുന്ന വന്‍ ദുരന്തങ്ങള്‍ കണ്ടുകൊണ്ടായിരിക്കും നമ്മുടെ കണ്ണുകള്‍ തുറക്കുക.

ഇനി വേറെ ഒരു രീതിയില്‍ ചിന്തിച്ചു നോക്കൂ, ഇത്തരം വിവാദങ്ങള്‍ ഇല്ലെങ്കില്‍ നമ്മള്‍ എന്ത് ചര്‍ച്ച ചെയ്യും, എന്ന രീതിയില്‍. ഇത്തരം വിവാദങ്ങളുടെ അസാന്നിധ്യം, നമ്മുടെ ശ്രദ്ധ കാതലായ പ്രശ്നങ്ങളിലേക്ക് ആയിരിക്കും നീങ്ങുക്ക... അപ്പോള്‍ ആവട്ടെ, ഇത്തരം അനാവശ്യ വിവാദങ്ങളുടെ നെടു നായകത്വം വഹിക്കുന്നവര്‍ക്ക് അലോസരം ഉണ്ടാക്കുന്ന പല ചോദ്യങ്ങളും സമൂഹത്തില്‍ നിന്നും ഉയര്‍ന്നു വരും എന്ന് തീര്‍ച്ച... അവിടെയാണ് അവരെ ഇത്തരത്തിലുള്ള വിവാദ സൃഷ്ടികള്‍ക്ക് പ്രേരിപ്പിക്കുന്നത്... എല്ലാവരെയും ബീവറേജസ് പ്രചരിപ്പിക്കുന്ന ലഹരിയിലും, ആള്‍ദൈവങ്ങള്‍ നല്‍കുന്ന ഭക്തിയുടെ ലഹരിയിലും മയക്കി കിടത്താന്‍ പറ്റില്ലല്ലോ... അവര്‍ക്ക് ലഹരി പകര്‍ന്നു നല്‍കാനാണ് ഇത്തരം വീര്യം കൂടിയ വിവാദ രസായനങ്ങള്‍ കാച്ചി കുറുക്കി എടുക്കുന്നത്. അത് മദ്യത്തിന്റെയും ഭക്തിയുടെയും ലഹരിയില്‍ മയങ്ങാത കഴുതകളെ മയക്കി കിടത്തിക്കോളും.. അപ്പോള്‍ അവര്‍ക്ക് പുര കത്തിക്കുകയോ.. വാഴ വെട്ടുകയോ... കഴുക്കോല്‍ ഊരുകയോ .. എന്ത് വേണമെങ്കിലും ആവാം...
 

അഭിപ്രായങ്ങളൊന്നുമില്ല: