ഞായറാഴ്‌ച, ഫെബ്രുവരി 12, 2012

രാജകുമാരന്റെ സുബ്രമണ്യജ്വരം


കാസനോവക്ക് കേറി തല വെക്കാന്‍ കേരളത്തിന്‌ പുറത്തുള്ള നിര്‍ഭാഗ്യവാന്മാര്‍ക്ക് ഒരാഴ്ച കൂടി സമയം കൊടുക്കാം എന്ന് കരുതിയ പോലെ ഈ രണ്ടാം കളി ആഴ്ച ഒന്ന് വൈകിയാ കേരളത്തിന്‌ പുറത്തു കൊണ്ട് വിളമ്പിയത്... ഏത് അക്രമവും സഹിക്കാന്‍ ഉള്ള മനക്കരുത് കാസനോവ നല്‍കിയിട്ടുള്ളത് കൊണ്ട് ഇവിടെയും പിടി കൊടുക്കാന്‍ വലിയ മടി ഒന്നും തോന്നിയില്ല... പിന്നെ ചെറിയ ഒരു പ്രതീക്ഷ ബാക്കിവെച്ച തരക്കേടില്ല എന്ന് തോന്നിയ ട്രേലറും കണ്ടിരുന്നു.

കൊല്ലങ്ങള്‍ പലതായി സത്യ ഇറങ്ങിയിട്ട്... സുബ്രമണ്യപുരവും. പരുത്തിക്കുരുവും (സോറി, പരുത്തിവീരനും) പിണ്ണാക്കുമൊക്കെ നമ്മള്‍ കണ്ടു തള്ളിയിട്ട്. അത് കഴിഞ്ഞു മുല്ലപ്പെരിയാറില്‍ നിന്നും എത്ര വെള്ളം ഒഴുകി പോയി. എന്നിട്ടിപ്പോളും മലയാളിപുതുമയുടെ വഞ്ചി ആ തിരുനക്കര കടവത്തു തന്നെ കെട്ടി കിടത്താന്‍ തന്നെയാണ്, ശ്രീമാന്‍ ശ്രീനാഥ് രാജേന്ദ്രന്റെ ശ്രമം. അതിനാണെങ്കില്‍ അദ്ദേഹത്തിനു ആശിര്‍വാദം കിട്ടിയിരിക്കുന്നത് വെറും ഒരു ചെറു ഇടവക പള്ളി വികാരിയുടെ അല്ല. മലയാള സിനിമയുടെ ഉടയോനായ മാര്‍പാപ്പയുടെ തന്നെയാണ്.. തന്റെ ഇളംകൂറപ്പന്റെ പട്ടാഭിഷേകവും പടിയേറ്റും നടത്തി അരിയിട്ട് വാഴിക്കാന്‍.

ഇതൊരു വെറും സാമ്പിള്‍ ഡോസ് ആണ് എന്നും ശരിക്കുള്ള കളി അടുത്ത് തന്നെ പുറത്തിറങ്ങാന്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നെന്നും പാണന്മാര്‍ പാടി നടക്കുന്നത് കേട്ട് അറിയാമായിരുന്നു. റോള്‍സ് റോയ്സ് ചാവി ചെക്കന് കൈമാറും മുമ്പ് വണ്ടി ഓട്ടം തട്ടിച്ചും മുട്ടിച്ചും ഒക്കെ പഠിക്കാന്‍ ഒരു മാരുതി 800 കീ വാപ്പച്ചി തല്‍ക്കാലം കൈയ്യില്‍ വെച്ച് കൊടുത്ത പോലെ. ഇനി വല്ല തട്ടലോ മുട്ടലോ ആയാലും കാര്യമായി തന്റെ പോക്കെറ്റിന് തട്ടുകെടോന്നും വരില്ല എന്ന സേതുരാമയ്യരുടെ കുശാഗ്രബുദ്ധി അഥവാ കച്ചവട മനശാസ്ത്രം.. പക്ഷെ നല്ല മുട്ടന്‍ ഹെഡ് ഓണ്‍ കോളിഷന്‍ കിട്ടിയാല്‍ മാരുതിയിലുള്ള ഒരുത്തനും പുറത്തെടുക്കാന്‍ ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടാവും വലിയ ബുള്‍ഡോസരും പാണ്ടിലോറിയും ഒക്കെ ഓടിച്ചു പോയി റോഡ്‌  ഒന്ന് കാലിയടിച്ചപ്പോള്‍ ആണ് വണ്ടി, മോന് റോട്ടില്‍ ഇറക്കാന്‍ കൊടുത്തത്.

ഇത്തരം ജോനരുകളില്‍ ഉള്ള പടങ്ങള്‍ക്ക് വേണ്ടത് ഗതിവേഗം ആണ് ... നല്ല റോളര്‍ കോസ്റെറില്‍ കയറി മാനം മുട്ടെ ഉയര്‍ന്നു കയറിയും ആ പോക്കത്ത് നിന്നും അതിദ്രുതം താഴോട്ടു പതിച്ചും, കാഴ്ചക്കാര്‍ക്ക് കസേരയില്‍ അമര്‍ന്നിരിക്കാന്‍ ഇട കൊടുക്കാത്ത തരത്തിലുള്ള ഗതിവേഗം.. പക്ഷെ ഈ വണ്ടി ഓടുന്ന വഴി നല്ല കുണ്ടും കുഴിയും നിറഞ്ഞ തൃശ്ശൂര്‍ പാലക്കാട് റോഡ്‌ ആണ്..ഇവിടെ ഒരു മുപ്പതു നാല്പതു വിട്ടു വണ്ടി കേറി പോവുന്ന പ്രശ്നമില്ല.. കാണുന്നവന് ആവട്ടെ പഴയ ലാമ്പി  ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന പ്രതീതിയും... ആദ്യ ദൃശ്യത്തില്‍ തന്നെ നായകന്‍ കാണികള്‍ക്ക് മുന്നില്‍ എത്തുന്ന ഈ കുപ്പി തുറന്നപ്പോള്‍ തന്നെ കേട്ട് മടുത്ത പഴങ്കഥയുടെ  പുളിച്ച നാറ്റം അടിച്ചു. അച്ഛനില്ലാത്ത നായകന്‍, പണിയില്ലാത്തതു കൊണ്ട്  നേരെ കൈയും കാലും വെട്ടുന്ന കമ്പനിയില്‍ ചേരുന്നു, പതിവുപോലെ മണല്‍ കടത്ത്, വണ്ടി പിടുത്തം തുടങ്ങിയ കുടില്‍ വ്യവസായങ്ങളിലൂടെ അവന്‍ അധോലോകത്തിന്റെ ചട്ടുകം ആയി മാറുന്നു, പിന്നെ ക്ഷണനേരം കൊണ്ട് ദിസൈനെര്‍ ജാക്കെറ്റുമായി വിലസുന്ന രാജാവിന്റെ മകന്‍ രാജുമോന്റെ അണ്ടെര്‍വേള്‍ഡ് പ്രിന്‍സും, മുഴത്തിനു ഒന്ന് പോലെ കുത്തും വെട്ടും നല്ല ചൊവ ചൊവന്ന ചോരപ്പൂക്കളങ്ങളും, ആഘോഷത്തിനു മേമ്പോടിയായി മലയാളിയുടെ ദേശീയോത്സവമായ വൈകീട്ടുള്ള പരിപാടിയും.. പതിവുപടി ഒടക്കി ഒടക്കി ലൈനില്‍ വീഴുന്ന ഒരു ഒടങ്കോല്ലി മന്ദബുദ്ധി നായികയും .. കുറെ അലവലാതി കൂട്ടുകാരും.... കഥ അവിയല്‍ റെഡി..തൊട്ടുകൂട്ടാന്‍ ശരിക്കുള്ള അവിയലിന്റെ തട്ടും കൊട്ടും,....ഓ അതിന്റെ കൂട്ടത്തില്‍ ഒന്ന് കുറിക്കാന്‍ വിട്ടു..മാര്‍ട്ടിന്‍ സ്കൊര്സേസ്സിക്ക് ചെറുതായൊന്നു  പഠിച്ചു നോക്കിയ പോലെ "ഞാന്‍ ശി ഐ ഡി നശീര്‍" എന്നും പറഞ്ഞു ചാടി വീഴുന്ന അണ്ടര്‍കവര്‍ കോപ്പ് (കോപ്പാണ് പോലും)

ഇതേ നായകനെയും, ഇതേ ഉപഗ്രഹങ്ങളെയും, കാമുകിയേയും, വില്ലനെയും, അമ്മയെയും, അമ്മിക്കല്ലിനെയും ഒക്കെ എത്ര കാലമായി നമ്മള്‍ സിനിമകളില്‍ കാണുന്നു. ഇനി എന്താ ക്ലൈമാക്സിലെ ആ ട്വിസ്റ്റ്‌... നാട്ടുകാരാരും തന്നെ സുബ്രമണ്യപുരം കണ്ടിട്ടില്ലല്ലോ... ഗംഭീരം തന്നെ.. രോമാഞ്ചം വരുന്നു... കൊറിയന്‍, ഹോളിവൂഡ്‌ പടങ്ങളെ അടിച്ചുമാറ്റി കോക്ടെയില്‍ ഉണ്ടാക്കി  ചാപ്പയും കുരിശുമൊക്കെ പണിയുന്ന മച്ചാന്മാരോട് കുറച്ചു കാലമായി സുബ്രമണ്യജ്വരം പിടിച്ചു കിടക്കുന്ന മാഷുമാരിലാരോ ചോദിച്ചു, "അങ്ങോട്ട്‌ തമിഴിലേക്ക് നോക്കു. ആ സുബ്രഹ്മണ്യപുരം കണ്ടില്ലേ?  എന്തിനാ ഇംഗ്ലീഷും കൊറിയെന്നുമൊക്കെ അടിച്ചു മാറ്റുന്നത്?" കേട്ട പാതി കേക്കാത്ത പാതി അണ്ണന്‍മാര് സുബ്രഹ്മണ്യപുരം തന്നെ അങ്ങാട് അടിച്ചു മാറ്റി. ഇനിയാരും ചോദിക്കില്ലല്ലോ.  പക്ഷെ ഒരു കാര്യം മാത്രം അങ്ങട്ട് മറന്നു .. ശശികുമാറും സമുദ്രക്കനിയുമൊക്കെ ഒരു ലോജിക്കിന്റെ പുറത്താ സുബ്രമണ്യപുരം പണിതത്.. പക്ഷെ ഇവിടെ അതല്ല സ്ഥിതി.

മലയാള സിനിമ കാണുമ്പോള്‍ പോളണ്ടിനെ പോലെ ലോജിക്കിനെക്കുറിച്ചും ചോദിക്കരുത് എന്ന സമ്പ്രദായം  നിലവില്‍ വന്നിട്ട് കാലം കുറച്ചായി.. എന്നാലും മരുന്നിനു കുറച്ചൊക്കെ ഒരു ബഹുമാനം  ലോജിക്കിനും കൊടുക്കുന്നത് നല്ലതാണ് എന്ന് ഒരു ചിന്ന അഭിപ്രായം എനിക്കുണ്ട്. പക്ഷെ ഇവിടെ അത്തരത്തിലുള്ള യാതൊരു നിര്‍ബന്ധവും സംവിധായകനും തിരക്കഥ എഴുതിയ ആള്‍ക്കും ഇല്ല എന്നുറപ്പ്.  ആദ്യം ബസ് സ്റ്റോപ്പില്‍ കാണുന്നവനോട് സംസാരിച്ചു തുടങ്ങുമ്പോള്‍ (അതും അയാള്‍ നായകനോട് സംസാരിക്കാന്‍ വലിയ താല്പര്യം ഒന്നും കാണിക്കാത്ത വൈയ്റ്റ് ഇട്ടു നിക്കുന്ന ഒരു ടാവ്)  ജയിലില്‍ നിന്നുള്ള വരവടക്കം തന്റെ ജീവിതകഥ വിളമ്പുന്ന ആഖ്യാനരീതിയില്‍ തന്നെ തിരക്കഥാകൃത്തിന്റെ കൈയ്യടക്ക കുറവ് വ്യക്തമാക്കും. അത് പോലെ തന്നെ വിഷ്ണു ബുദ്ധന്റെ മകനെ ചുമ്മാ എടുത്തടിച്ചു പ്രശ്നം സൃഷ്ടിക്കുന്നതിലും, അല്ല ഇത്തരം കൊട്ടഷന്‍ പാര്‍ട്ടികള്‍ക്ക് ബുദ്ധി കുറവാണ് എന്ന് വിചാരിച്ചാല്‍ പോലും ദഹിക്കാന്‍ ഇത്തിരി വിഷമമാണ് .. കണ്ണടച്ച് തുറക്കുന്ന ക്ഷണത്തില്‍ കോടി കെട്ടിയ വിഷ്ണു ബുദ്ധന്റെ കച്ചവട പങ്കാളികള്‍ ഒക്കെ അങ്ങ് കളം മറിഞ്ഞു ചവിട്ടുന്നതിലും, എട്ടാം ക്ലാസ്സും ഗുസ്തിയും ആയവന്‍ എട് പിടി എന്ന് പറഞ്ഞ കണക്കിന് ഡിസൈനര്‍ ജാക്കെട്ടുകളില്‍ കയറുന്നതിലും ഒക്കെ കല്ല്‌ കടിക്കുന്നുണ്ട്‌.... അങ്ങിനെ കഥയില്‍ വരുത്തുന്ന വഴിത്തിരിവുകള്‍ ഓരോന്നും ഏച്ചുകൂട്ടലാണ് എന്ന് കാണുന്നവര്‍ക്ക് തോന്നും. അത് പോലെ തന്നെ പല സമയത്തും നായകന്‍റെ സോഫെസ്ടിക്കേഷന്‍, അയാള്‍ ഇംഗ്ലീഷ് പദങ്ങള്‍ എടുത്തു പറയുമ്പോള്‍ ആക്സെന്റില്‍ നമുക്ക് പിടി തരും.  

ബാബുരാജ് ഹാസ്യനടനായി ജ്ഞാനസ്നാനം കഴിഞ്ഞാണ് വന്നതെങ്കിലും അദ്ദേഹം തന്റെ അതുല്യഭാവപ്രകടനങ്ങള്‍ പുറത്തെടുത്തു തുടങ്ങും മുമ്പ് തന്നെ അഭിനയിച്ച രണ്ടു വേഷങ്ങളെയും കൊന്നു കളഞ്ഞത്കൊണ്ട് നമുക്കങ്ങു ശരിക്കും ചിരിച്ചു മരിക്കാന്‍ ഒക്കില്ല.. അതിനു പകരം നമ്മളെ ചിരിപ്പിച്ചേ അടങ്ങൂ എന്ന വാശിയോടെ വന്ന കുരുടി എന്നോ മറ്റോ പേരുള്ള മറ്റൊരു അവതാരം സിനിമയില്‍ ഉടനീളം നമ്മുടെ ഞരമ്പിനു പിടിച്ചു വിലസുന്നുണ്ട്. ഇയ്യാളെ ഒന്ന് മൂക്ക് കയര്‍ ഇടാന്‍ ആരുമില്ലേ എന്ന് ആരും അറിയാതെ ചോദിച്ചു പോവും... ചങ്ങാതിയുടെ ഞെക്കി തുറുപ്പിച്ച ഹാസ്യാഭിനയം കണ്ടാല്‍. രോഹിണിയും കുഞ്ചനും സുദേഷ് ബെറിയും മാത്രമേ പിന്നെ കണ്ടു പരിചയം ഉള്ള നടീനടന്മാര്‍ ആയി മുഖം കാണിക്കുന്നുള്ളൂ.. അതില്‍ രോഹിണിയുടെ സെന്റിമെന്റ്സ് രംഗങ്ങള്‍ വരുമ്പോള്‍ ഷെഹനായി അടിച്ചത് സീരിയസ് ആയിട്ടാണെങ്കില്‍ പരമ ബോറായി, തമാശക്കാണെങ്കില്‍ അത് ത്രീ ഇടിയറ്സില്‍ നിന്നും കോപ്പിയടിയും ആയി..  ഇങ്ങനെ ഒക്കെ പറയുമ്പോഴും ഒരു കാര്യത്തില്‍ ദോഷം പറയരുതല്ലോ. യുവരാജാവ് നല്ല പണിയറിയുന്ന തച്ചന്മാരുടെ കൈയ്യില്‍ കിട്ടിയാല്‍ പാസ്സ് മാര്‍ക്ക് വാങ്ങി കടന്നു കൂടും എന്ന് തോന്നുന്നു.. അതിനുള്ള വെടിയും  പുഹയുമൊക്കെ സ്റൊക്കുണ്ട്. സ്ഥായിയായ ഭാവം മസിലുപിടിയായത് കൊണ്ട് ഈ പാര പ്രിഥ്വിക്കാണ്‌ എന്നാണു ആദ്യ വിലയിരുത്തല്‍

പടത്തിന്റെ ടൈറ്റില്‍ കാര്‍ഡ് അടിക്കുമ്പോള്‍ കാണിക്കാന്‍ ഷൂട്ട്‌ ചെയ്തു വെച്ച് പിന്നീട് ഒഴിവാക്കിയ രംഗം: സംവിധായകന്റെ പൂജാമുറി, ഫ്രെയിം ചെയ്തു വെച്ചിരിക്കുന്ന നാല് ഫോട്ടോകള്‍, അതിനു മുമ്പില്‍ ധ്യാന നിമഗ്നനായി കൈയ്യില്‍ മണിയുമായി അദ്ദേഹം ...  "ഓം രാം ഗോപാല്‍ വര്‍മ്മായ നമഹ... ഓം ശശികുമാരായ നമഹ... ഓം സമുദ്രക്കനിയായ നമഹ... ഓം ക്വെന്റിന്‍ ടാരന്റിണോആയ നമഹ.."

അടിക്കുറിപ്പ്: മധ്യവയസ്സുകഴിഞ്ഞ സൂപ്പര്‍ താരങ്ങളും, സൂപ്പര്‍ സംവിധായകരും ഒക്കെ മാറി നില്‍ക്കണം എന്ന് പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ഉണ്ട്... ഇതുവരെ കണ്ട പുതുനാമ്പുകളില്‍ ഒന്നിന് പോലും അങ്കിള്മാര് ഇനി ഒന്ന് മാറി നിന്നേ ഞങ്ങള്‍ പിള്ളേര് പുതിയ കളി കളിച്ചു കാട്ടി തരട്ടെ എന്ന് ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയുമെന്ന് എനിക്ക് തോന്നിയിട്ടില്ല. ഇതുവരെ കണ്ടിട്ടുള്ള പിത്തളയും പാട്ടയുമൊക്കെ ഒന്ന് തിളങ്ങിക്കിട്ടാന്‍ നല്ല പോലെ പഴയ പുളിയിട്ടു ഒരു പാട് ഉരച്ച് തള്ളേണ്ടി വരും..

അഭിപ്രായങ്ങളൊന്നുമില്ല: