തിങ്കളാഴ്‌ച, ഫെബ്രുവരി 20, 2012

കലികാലത്തിന്റെ ഓരോരോ മൃഗയാവിനോദങ്ങള്‍...

ഉത്സവ സീസണ്‍ തുടങ്ങിയതോടെ ഇടയുന്ന ആനകളുടെയും അവയുടെ ചവുട്ടും കുത്തും ഏറ്റു പൊലിയുന്ന മനുഷ്യ ജീവനുകളുടെയും വാര്‍ത്തകളും വന്നെത്തി. വെടിക്കെട്ടപകടത്തിലും ആന ഇടയലിലും ജീവനും സ്വത്തിനും വരുന്ന നാശങ്ങളെ പറ്റി ആര്‍ക്കും ഒരു ആശങ്കയും ഇല്ലാത്ത പോലെയാണ് സമൂഹം ഇതിനോട് പ്രതികരിക്കാതിരിക്കുന്നു. മതങ്ങളുമായി ബന്ധപ്പെടുത്തി എടുത്തിട്ടുള്ള കാര്യമായതിനാല്‍ രാഷ്ട്രീയക്കാരനും പ്രതികരിക്കാന്‍ മടി.  ഇവിടെ പ്രതികരിക്കാതിരിക്കുന്നു എന്ന അപരാധതെക്കാള്‍ ഉപരിയായി അതിനെയെല്ലാം മഹത്വവല്‍ക്കരിക്കുന്നു എന്ന തെറ്റ് കൂടി സമൂഹത്തിന്റെ ഭാഗത്ത്‌ നിന്നും ഉണ്ടാവുന്നു. ഓരോ കൊല്ലം കൂടുംതോറും ഉത്സവാഘോഷങ്ങളുടെ എണ്ണം കൂടുന്നതോടൊപ്പം അവയില്‍ എഴുന്നള്ളിക്കുന്ന ആനകളുടെ എണ്ണവും, കത്തിച്ചു പൊടിക്കുന്ന കരിമരുന്നു കൂടുകളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നു.

ഇന്ന് പലര്‍ക്കും സമൂഹത്തിലെ മാന്യതയുടെ അളവുകോലായി മാറിയിരിക്കുകയാണ് ഉത്സവക്കമിറ്റികളുടെ നെടുനായകത്വം. പണിയോഴിവാക്കി നാട്ടിലെത്തിയ പ്രവാസിക്കും, റിട്ടയേര്‍ഡ്‌ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും നാട്ടില്‍ വിസിബിലിറ്റി കിട്ടുവാന്‍ ഇതിലും നല്ല അവസരം വേറെ ഇല്ല എന്ന മട്ടിലാണ് സംഗതികളുടെ കിടപ്പ്... രശീത്‌ കുറ്റിയുമായി ഇറങ്ങി പിരിച്ചു കിട്ടുന്ന പണം ഒഴുക്കി കളയാനും ഇതിലും എളുപ്പമായുള്ള ഒരു വഴി വേറെ ഇല്ല . പക്ഷെ അത് കൊണ്ട്, കുത്തി നോവിച്ചു പിരികെറ്റി മദം ഇളക്കുന്ന ആന എന്ത് പിഴച്ചു?  കരിമരുന്ന് നിറക്കുമ്പോള്‍ പൊട്ടി ചിതറി തെറിച്ചു മൃതദേഹം പോലും ബാക്കി കിട്ടാത്തവരുടെ ഉറ്റവര്‍ എന്ത് പിഴച്ചു? സാമൂഹിക സ്ഥാനലബ്ധി എന്ന പോലെ ഏക്കം എന്നും മറ്റും പറഞ്ഞു കോടികള്‍ ഒഴുക്കി കളയുന്ന ഒരു കച്ചവടം കൂടിയാണ് ആനക്കമ്പം. മത്സരങ്ങള്‍ക്കും കേട്ടിക്കാഴ്ചകള്‍ക്കും ആയി ആനകള്‍ നെറ്റിപ്പട്ടവും കെട്ടി ഒരുങ്ങിയിറങ്ങുമ്പോള്‍ അണിയറയില്‍ കിലുങ്ങുന്നത് ചില വമ്പന്‍ മാടമ്പിമാരുടെ മടിശീലകളിലെ സ്വര്‍ണ നാണയങ്ങള്‍ ആണ്... അവ മദപ്പാടിന്റെ വിഭ്രാന്തിയില്‍ വലിച്ചു കീറുന്നതു എപ്പോഴും താനെന്നും ഉണ്ണുന്നത് കൊലചോറാണ് എന്ന അറിവും,  ആ മിണ്ടാപ്രാണിയെ പീഡിപ്പിച്ചു ചിത്രവധം ചെയ്യുനതിലുള്ള കുറ്റബോധവും, ലഹരിയില്‍ മുങ്ങിക്കുളിച്ചു മറക്കാന്‍ നടക്കുന്ന പാപ്പാന്മാരെ ആണ്... പിന്നെ പാതയില്‍ വന്നു പെട്ട് പോകുന്ന സാധാരന്ക്കാരനെയും.

ഞാന്‍ ഒരു ആനഭ്രാന്തനാണ് എന്ന് അഭിമാനപുരസ്സരം മേനി പറഞ്ഞു നടക്കുന്ന ആളുകള്‍ക്കിടയില്‍ ആണ് നമ്മള്‍ ജീവിക്കുനത്. ഭ്രാന്തുന്ടെങ്കില്‍ അത് ചികിത്സിക്കണം എന്നതാണ് നാട് നടപ്പ്. പക്ഷെ ഈ ചികിത്സിക്കേണ്ട മാനസിക രോഗത്തെ   മഹത്വവല്ക്കരിക്കുകയും, ഗ്ലാമാരൈയ്സ് ചെയ്യുകയും ആണ് പരിഷ്കൃതര്‍ എന്ന് അവകാശപ്പെടുന്ന ഇന്നത്തെ കേരള സമൂഹം. ഇതൊക്കെ പോലെ തന്നെ കാണുന്ന മറ്റൊരു കാര്യം, ഇടഞ്ഞ  ആനയെ കൂടുതല്‍ ഭ്രാന്തു പിടിപ്പിക്കാന്‍ ആയി ആള്‍ക്കൂട്ടത്തിന്റെ ഭാഗത്ത്‌ നിന്നുള്ള ശ്രമങ്ങളാണ്. ആളെക്കൊല്ലുന്നതിന്റെ എക്സ്കൂസീവ് ചിത്രങ്ങള്‍ക്കായി മൊബൈല്‍ കാമറ വെച്ച് ചിത്രീകരണം നടത്തുന്ന ഫോട്ടോഗ്രാഫര്‍മാരും, ആര്‍പ്പുവിളിച്ചു അതിനെ പ്രകോപിക്കുന്ന കാഴ്ചക്കാരും ആണ് പ്രശ്ങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. ഇയ്യിടെ ഒരു ആന ഇടഞ്ഞപ്പോള്‍ പരുക്കേറ്റ ഒരു വിദ്വാന്‍, കൂടുതല്‍ ഭീകരദ്രിശ്യങ്ങള്‍ എടുക്കാന്‍ ആനയുടെ അടുത്തേക്ക് ചെന്ന ഒരു വിഡ്ഢിയും, ജീവന്‍ നഷ്ടപ്പെട്ട ഒരാള്‍, ബൈക്കില്‍ ആന ഓടുന്ന കാഴ്ച കാണാന്‍ വേണ്ടി മാത്രം വന്നു ആനയുടെ മുന്നില്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ പറ്റാതെ പെട്ട മറ്റൊരു വ്യക്തിയും ആണ്.മറ്റുള്ളവന്റെ വേദനകളില്‍ ആഘോഷം കണ്ടെത്തുന്ന മാനസിക രോഗികള്‍ നമ്മുടെ സമൂഹത്തില്‍ അനുദിനം പെരുകി കൊണ്ടിരിക്കുന്നു

അത് പോലെ തന്നെ ആണ് കരിമരുന്നു പ്രയോഗം എന്ന ആഭാസവും.. പണ്ടൊക്കെ കാടിന് നടുവില്‍ ഉള്ള ദേവാലയങ്ങളില്‍ നിന്നും കാടു മൃഗങ്ങളെ അകറ്റി നിര്‍ത്താന്‍ ആണ് കരിമരുന്നു പ്രയോഗം നടത്തിയിരുന്നത്.. ഇപ്പോള്‍ ജന മധ്യത്തില്‍ ആള്തിരക്കിനു ഇടയില്‍ ആണ് മിക്ക വെടിക്കെട്ടുകളും നടക്കുന്നത്... ആര്‍ക്കും ഒരു പ്രയോജനവും ഇല്ലാതെ നിമിഷ നേരം കൊണ്ട് പൊടിയുന്ന കോടികള്‍.. ഇതൊക്കെ ഉണ്ടാക്കുഅത് പലപ്പോഴും അശ്രദ്ധമായി യാതൊരു വിധത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാത്ത കേന്ദ്രങ്ങളില്‍ ആണ് എന്നത് ഓരോ അപകടങ്ങളും നമ്മോടു അടിവരയിട്ടു പറഞ്ഞു പോവുന്നു. ജീവന്‍ ചിതറി തെറിച്ചു പോയ നൂറു കണക്കിന് ആളുകളെ പോലെ കൈകാലുകള്‍ നഷ്ടപ്പെട്ടു നിത്യ ദുരിതത്തില്‍ ആയ ആയിരങ്ങളും നമ്മുടെ നാട്ടിലുണ്ട്.. അത് മാത്രമോ.. ഇതിന്റെ മറവില്‍ സ്ഫോടക വസ്തുകളുടെ നിര്‍മാണം നടത്തി വിദ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നമ്മള്‍ സാഹചര്യം ഒരുക്കുകയാണ് ചെയ്യുന്നത്...

ഇതൊന്നും നോക്കാനും ഇതിനെക്കുറിച്ച്‌ ബോധവല്‍ക്കരണം നടത്താനും.. ഇത്തരത്തിലുള്ള ദുരന്തങ്ങള്‍ ഉണ്ടാവുന്നത് ഭാവിയില്‍ ഒഴിവാകാനുള്ള നടപടികള്‍ തുടങ്ങാനും, ആര്‍ക്കും സമയവും, സാവകാശവും, നട്ടെല്ലും ഇല്ല.. എന്തും ഏതും പൊതുജനത്തിന്റെ തലയ്ക്കു വെക്കാനുള്ള ഒരു കുറുക്കുവഴിയാണ് മതങ്ങളുടെയും രാഷ്ട്രീയ സംഘടനകളുടെയും കച്ച ഉടുപ്പിച്ചു പരിരക്ഷ ഉറപ്പിക്കുന്നത്.  ഈ കരിമരുന്നു പ്രയോഗവും ആനച്ചന്തവും കണ്ടു സായുജ്യം അരുളുന്നവരാണോ ദൈവങ്ങള്‍ ? 

അഭിപ്രായങ്ങളൊന്നുമില്ല: