ശനിയാഴ്‌ച, മേയ് 26, 2012

ഇനി ശവക്കല്ലറകള്‍ സംസാരിക്കട്ടെ ... ജീവിച്ചിരിക്കുന്ന ശവങ്ങളും

വര്‍ഷം തോറും കേരളത്തിലെ പല കവലകളിലും പല പേരുകള്‍ കൊത്തി വെച്ചിട്ടുള്ള കെട്ടി ഉയര്‍ത്തിയിരുന്ന സ്മൃതി മണ്ഡപങ്ങളില്‍ ചില ദിവസങ്ങളില്‍ പുഷ്പാര്‍ച്ചനകള്‍ നടക്കാറുണ്ട്... അതിനു മുമ്പില്‍ ഇടതും, വലതും, രണ്ടും കേട്ടതുമായി ഓരോ രാഷ്ട്രീയ കക്ഷികളുടെയും പ്രാദേശിക സംസ്ഥാന നേതാക്കള്‍ അവരില്‍ ചിലരുടെയെങ്കിലും പേരുകള്‍ ഉരുവിട്ട് ഈറന്‍ മിഴികളും, തുടിക്കുന്ന നെഞ്ചുമായി, അവര്‍ വിശ്വസിച്ച സ്നേഹിച്ച പ്രസ്ഥാനത്തെ വളര്‍ത്താനുള്ള നിരന്തര പോരാട്ടത്തില്‍ ജീവത്യാഗം നടത്തിയ അവരുടെ ഉജ്ജ്വല സ്മരണകളില്‍ "അവരുടെ പോരാട്ടം പാഴാവില്ല..." എന്ന പ്രതിജ്ഞ പുതുക്കാറുണ്ട്... രക്തസാക്ഷിയും ബാലിദാനിയും ഒക്കെയുമായി അവരുടെ പേരില്‍ ഫണ്ട് പിരിക്കാരുണ്ട്, അവരില്‍ പലരുടെയും പേരില്‍  ബസ് വൈറ്റിംഗ് ഷെഡ്‌ മുതല്‍ ഷോപ്പിംഗ്‌ കോമ്പ്ലെക്സ്‌ വരെ കെട്ടിയുയര്‍ത്താറുണ്ട്. അവരുടെ പഴയകാല സഹയാത്രികര്‍ക്ക് പലര്‍ക്കും,  അവരുടെ വീടുകളിലും പാര്‍ട്ടി ഓഫീസുകളിലും ചുവരില്‍ തൂക്കിയ ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ഫോട്ടോകള്‍ നിറം മങ്ങി ചിതലെടുതുവെങ്കിലും, അവരെക്കുറിച്ചുള്ള  സ്മരണകള്‍ വര്‍ണശോഭമാണ് എന്നതും ഒരു വാസ്തവമാണ്. പലരെയും അവരുടെ ഉറ്റവരും, കുടുംബങ്ങളും മറന്നുവെങ്കിലും പാര്‍ട്ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും അവരെയും അവര്‍ പ്രസ്ഥാനതിനു വേണ്ടി ചെയ്ത ത്യാഗങ്ങളെയും മറക്കാന്‍ കഴിഞ്ഞിട്ടില്ല.

പക്ഷെ ഇങ്ങനെയൊക്കെ പറയുമ്പോഴും ഈ വീരസ്മൃതികള്‍ പോലെ പ്രാധാന്യം അര്‍ഹിക്കുന്ന ചില "ത്യാഗങ്ങളെ" കേരളത്തില്‍ ഇന്നേ വരെ ഒരു രാഷ്ട്രീയ കക്ഷിയും പൊതു വേദിയില്‍ സ്മരിച്ചിട്ടില്ല... ഇന്ന് വരെ...  ജീവന്‍ നല്‍കിയ ചരിത്രങ്ങള്‍ തങ്ക ലിപികളില്‍ പാര്‍ട്ടികള്‍ കോടി നിറ വ്യതാസമില്ലാതെ രേഖപ്പെടുത്തുമ്പോള്‍, പിന്നാമ്പുറത്ത് പൊതു സമൂഹത്തിന്റെ കണ്‍വെട്ടത്തിനും അപ്പുറം ചവറ്റു കോട്ടയില്‍ ഇട്ടു ഒളിപ്പിച്ചു വെച്ചു സ്വകാര്യ സംഭാഷണത്തില്‍ മാത്രം ഹുങ്കോടെ പറഞ്ഞിരുന്ന കുത്തിയും വെട്ടിയും വെടിവെച്ചും പ്രസ്ഥാനങ്ങള്‍ക്ക്‌ വേണ്ടി  ജീവന്‍ എടുത്തു കൊണ്ടിരുന്ന  ധീര യോദ്ധാക്കളുടെ നാമധേയങ്ങളും  ചരിത്രങ്ങളും.. പക്ഷെ എന്ത് കൊണ്ടോ പാര്‍ട്ടി സൂക്തങ്ങള്‍ ആരും അവര്‍ക്ക് വേണ്ടി രചിച്ചില്ല... അവരുടെ ഫോട്ടോകള്‍ ഒരു പാര്‍ട്ടി ഓഫീസുകളിലെ ചുവരുകളിലും തൂങ്ങിയില്ല, അവര്‍ക്ക് വേണ്ടി കവലകളില്‍ സ്മൃതി മണ്ഡപങ്ങള്‍ ആരും പണിതില്ല..

അവര്‍ക്കും കൊടുക്കണ്ടേ പുഷ്പാര്‍ച്ചന? അവരുടെ സ്മൃതികളുടെ ഇടയിലും ഉയരേണ്ടെ.. "ഇടിവാള്‍ സുര" സ്മാരക വായനശാലയും,  "പിച്ചാത്തി പരമു" സ്മാരക കല്യാണ മണ്ഡപവും ഒക്കെ...

പക്ഷെ കാലം അതിനു മാറ്റം വരുത്തുകയാണ് എന്ന് തോന്നുന്നു..  കടും തുടി എടുത്തു പാണന്മാര്‍ അവിടെയും ഇവിടെയും ഇടുക്കിലും മുടുക്കിലുമായി, അപദാന സര്‍വസ്വങ്ങളുമായി. തല പൊക്കി തുടങ്ങിയിരിക്കുന്നു. പുത്തൂരം വീട്ടിലെയും ആറ്റുംമണംമേലേയും പയറ്റി തെളിഞ്ഞ ചേകവന്മാര്‍ പടവാള് കൊണ്ട് ചുരിക തലപ്പ്‌ കൊണ്ടും തലകള്‍ കൊയ്തെടുത്തു രചിച്ച വീരഗാഥകളും മാമാങ്ക ചരിതങ്ങളുടെയും തുടര്കഥകള്‍... എണ്ണി എണ്ണിക്കൊണ്ട്  ഒന്നൊന്നായി തച്ചും, വെടിവെച്ചും, കുത്തിയും കൊയ്തെടുത്ത  തലകളുടെ വീരകഥകള്‍..  നമ്മുടെ മുന്നിലേക്ക്‌ എത്തി തുടങ്ങിയിരിക്കുന്നു... ഓരോരോ പാര്‍ട്ടി ഭക്തന്മാരുടെയും സിരകളില്‍ ചോര തിളക്കാന്‍.. കൊട്ടേഷന് ആളും അര്‍ത്ഥവും  അന്വേഷിക്കാന്‍ പാര്‍ട്ടികളെ അധികം മിനക്കെടുത്താതെ, ചോര തുടിക്കുന്ന ആയിരം ആയിരം പടയാളികള്‍ കത്തിയും തോക്കുമായി ഇനിയുള്ള ഒപ്പരെഷനുകള്‍ക്ക് വീര്യം പകരാന്‍ പടക്കളത്തിലേക്ക് ഇറങ്ങാന്‍ ഈ വീര ഗാഥകള്‍ പ്രചോദനമാകട്ടെ..

അതിനു വേണ്ടി കാലത്തിന്റെ കരിയില മൂടിയ വീരഗാഥകളുമായി,  ഇനി ശവക്കല്ലറകള്‍ പലതും സംസാരിച്ചു തുടങ്ങട്ടെ ... ജീവിച്ചിരിക്കുന്ന ചില "ശവങ്ങളിലൂടെ"യാണെങ്കിലും... ചോര വീണ മണ്ണില്‍ ഉയരുന്ന പൂമരങ്ങളെ പോലെ ചോര വേഴ്ത്തിയ കോമരങ്ങളും ഉയരട്ടെ ... ഉറഞ്ഞു തുള്ളട്ടെ


അഭിപ്രായങ്ങളൊന്നുമില്ല: