ശനിയാഴ്‌ച, ജൂൺ 01, 2013

ശ്രീനിവാസൻ പടി ഇറങ്ങുമ്പോൾ



അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ലെങ്കിൽ ഒരു പക്ഷെ ഈ പോസ്റ്റ്‌ വെളിച്ചം കണ്ടു അധികം താമസിയാതെ തന്നെ ശ്രീനിവാസനെ ബി സി സി ഐയിൽ നിന്നും പുകച്ചു ചാടിചിട്ടുണ്ടാവും 

ശ്രീനിവാസനെ അടിച്ചിറക്കിയാൽ എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കും എന്ന രീതിയിൽ ആണ് ഇംഗ്ലീഷ് ചാനലുകൾ കുറെ ദിവസങ്ങളായി സകലതും സ്തംഭിപ്പിച്ചു ഉച്ചത്തിൽ വിളിച്ചു കാറുന്നത്‌ ... ശ്രീനിവാസൻ പോവേണ്ട ആൾ തന്നെയാണ് അതിൽ യാതൊരു ശങ്കയുമില്ല ... പക്ഷെ അത് കൊണ്ട് എല്ലാം അവസാനിക്കുമോ? .. ശ്രീനിവാസൻ പടിയിറങ്ങിയാൽ പിന്നെയെന്ത്? ... അദ്ദേഹത്തിനു പകരം മറ്റൊരു ശ്രീനിവാസൻ (കയറാൻ കച്ച മുറുക്കുന്നവരുടെ മുൻ നിരയിൽ ശ്രീമാൻ ശരദ് പവാർ ഉണ്ട് എന്നത് കൂടി ഓർക്കണം) കയറി കസേരയിൽ ഇരുന്നാൽ അതോടെ ഇന്ത്യൻ ക്രിക്കറ്റ് സ്ഫടികം പോലെ തിളങ്ങുമോ? ഇത് പോലെ തന്നെയാണ് രണ്ടു മൂന്ന് സീസണ്‍ മുമ്പ് ലളിത് മോഡിയെ തൂക്കി എറിഞ്ഞു പരിഹാരം ഉണ്ടാക്കിയത് 

ഇവിടെയാണ്‌ നമ്മുടെ താൽക്കാലിക ഒട്ടിപ്പ് പരിഹാരശ്രമങ്ങളുടെ അപര്യാപ്തതയെ ക്കുറിച്ച് മനസ്സിലാക്കേണ്ടത് .. പലരും പറയുന്നുണ്ട് സർക്കാർ / സ്പോർട്സ് മന്ത്രാലയം അങ്ങ് ഏറ്റെടുത്താൽ മതി ഉടനടി പരിഹാരമായി എന്ന് ... സർക്കാർ ഏറ്റെടുത്തു ഭരിക്കുന്ന മറ്റുള്ള കായിക ഇനങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി കൊണ്ടാണോ ഇതൊക്കെ പറയുന്നത് എന്ന് എനിക്കറിയില്ല ...കാര്യം നമ്മൾ കുറ്റങ്ങൾക്ക് കൈ ചൂണ്ടിക്കാണിച്ചാലും ബി സി സി ഐ എന്ന സംഘടന ഈ രാജ്യത്തെ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് കാര്യമായ സംഭാവനകൾ നല്കിക്കൊണ്ടിരിക്കുന്നുണ്ട് ... ഇത്തരത്തിൽ ഒരു സ്വതന്ത്ര സംഘടന ആയി നില്ക്കുന്നത് തന്നെയാണ് അതിന് ഒരളവു വരെ കാരണം .. അത് വഴി (അമിത) ലാഭം ഉണ്ടാക്കുന്ന ഒരു ബിസിനസ് എന്ന രീതിയിൽ അത് നടത്തിക്കൊണ്ട് വന്നത് തന്നെയാണ് ക്രിക്കറ്റിനു ഗുണം ഉണ്ടാക്കിയത് ... അങ്ങിനെ പറയുമ്പോൾ സ്വാഭാവികമായി ഒരു ചോദ്യം വരും ... പിന്നെ എങ്ങിനെയാണ് ഈ വക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക ..

ഒന്നോ രണ്ടോ ആളെ മാറ്റി വേറെ ആളെ വെച്ചതു കൊണ്ട് തീരുന്ന ഒരു പ്രശ്നം അല്ല ബി സി സി ഐ മൂലം ഇന്ത്യൻ ക്രിക്കറ്റിനു ഉണ്ടായിട്ടുള്ളത് ... അതിനുള്ള പരിഹാരം നേരിട്ട് പറയുക ആണെങ്കിൽ സംഘടനയ്ക്ക് ഉത്തരവാദിത്തവും, സുതാര്യതയും നൽകുകയാണ് ... ചെയ്യുന്ന ഓരോ കാര്യത്തിനും രാജ്യത്തെ കോടിക്കണക്കിനു വരുന്ന ക്രിക്കറ്റ് ആരാധകരോടുള്ള ഉത്തരവാദിത്തം വരുന്ന രീതിയിൽ ക്രമീകരിച്ചാൽ ഒരളവു വരെ പ്രശ്ന പരിഹാരം ആവും ... അതെങ്ങിനെ എന്ന് ചോദിച്ചാൽ താഴെ കൊടുത്തിരിക്കുന്ന ചില കാര്യങ്ങൾ ആണ് ആദ്യമായി മനസ്സിൽ വരുന്നത് 

ബി സി സി ഐ യെ മറ്റു പൊതു വകുപ്പുകൾ പോലെ ആർ ടി ഐ യുടെ പരിധിയിൽ കൊണ്ട് വരിക. ചെയ്യുന്ന പ്രവൃത്തികൾ പൊതു ജനങ്ങൾക്ക്‌ അറിയുവാനും ... അതിലുള്ള പ്രശ്നങ്ങൾ ചോദ്യം ചെയ്യുവാനും അത് വഴി സാധിക്കണം. 

ബി സി സി ഐ ഭരണകർത്താക്കൾക്കോ, അവരുടെ ബന്ധുക്കൾക്കോ, ക്രിക്കറ്റുമായി ബന്ധപ്പെട്ട യാതൊരു വിധത്തിലും ഉള്ള സാമ്പത്തിക ഇടപാടുകളിൽ (റെലെകാസ്റ്റ് രൈറ്റ്സ്, സ്പോന്സോര്ഷിപ്സ്, ടീം ഉടമസ്ഥത തുടങ്ങിയ ...) പങ്കാളി ആവാൻ അനുവാദം നൽകാതിരിക്കുക ..

ബി സി സി ഐയ്ക്ക് ശമ്പളം വാങ്ങുന്ന മുഴുവൻ സമയ അംഗങ്ങൾ ഉണ്ടാവണം ... മുഖ്യമന്ത്രി, മന്ത്രി, വൻ വ്യവസായങ്ങളുടെ ബോർഡ്‌ ഡയരക്ടർ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്ന വ്യക്തികൾക്ക് ബി സി സി ഐ ഭരണം നടത്താൻ അവകാശം നല്കരുത് ... 

ഒത്തുകളി, കോഴ, സാമ്പത്തിക ക്രമക്കേടുകൾ തുടങ്ങിയ വിഷയങ്ങളിൽ ഉയരുന്ന പരാതികൾ ഉടനടി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാനുള്ള ഒരു സ്ഥിരം സംവിധാനം നിലവിൽ വരുത്തുക .

അംഗങ്ങളെ പറ്റിയുള്ള കേസുകൾ അവർ സ്വന്തം ചിലവിൽ കോടതിയിൽ നേരിടുക ... അഥവാ ജയിച്ചാൽ ബി സി സി ഐ - ചിലവായ പണം തിരികെ കൊടുക്കാം ... അല്ലെങ്കിൽ അത് അംഗത്തിന്റെ സ്വന്തം റിസ്ക്‌ ... 

ഇതൊക്കെത്തന്നെ നിലവിൽ വന്നാൽ കാര്യമായ പുരോഗതി നമുക്ക് കാണാൻ സാധിക്കും 

1 അഭിപ്രായം:

Unknown പറഞ്ഞു...

പ്രശ്നം പരിഹരിയ്ക്കണം എന്നുള്ള ഉദ്ദേശം ആര്‍ക്കെങ്കിലും ഉണ്ടെന്നു കരുതുന്നത് വന്‍ തെറ്റിദ്ധാരണയാണ്. ഏതാനും ചില അമിത സത്യസന്ധരൊഴികെ മിക്കവരും ക്രിക്കറ്റിനെ അതിന്‍റെ വിപണി മൂല്യത്തെ ആധാരമാക്കിയാണ് നോക്കിക്കാണുന്നത്; എങ്ങനെയെങ്കിലും പത്തുകാശ് തടഞ്ഞാല്‍ മതി എന്ന ധാരണയുള്ളവരുടെ വലയത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ബീസീസീഐ എന്ന ചക്കരക്കുടത്തില്‍ കയ്യിട്ടു വാരി നക്കാന്‍ വേണ്ടിയുള്ള വടംവലിയാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിയ്ക്കുന്നത്. ഐപിഎല്ലിന്‍റെ തന്നെ അടിസ്ഥാനം ക്രിക്കറ്റില്‍ നിന്നും കൂടുതല്‍ വരുമാനം ഉണ്ടാക്കുക എന്നതല്ലേ. ഈ സംഭവങ്ങളുടെയൊക്കെ അള്‍ട്ടിമേറ്റ്‌ റിസള്‍ട്ട്‌ എന്നത് ക്രിക്കറ്റിന്‍റെ 'വില' (സാമ്പത്തികമായി തന്നെ)ഇടിയുക എന്നതാവാനാണ് ഇട. ഒരു പരിധിവരെ അതു നമുക്ക് ആവശ്യവുമാണ്.